വിദ്യാഭ്യാസ രംഗത്തെ ആക്ഷേപിച്ച ഡയറക്ടറെ നീക്കണമെന്ന് മാനേജേഴ്സ് അസോസിയേഷൻ

Advertisement

ശാസ്താംകോട്ട:പൊതു വിദ്യാഭ്യാസ രംഗത്തേയും വിദ്യാർത്ഥി,അദ്ധ്യാപക സമൂഹത്തേയും അടക്കം ആക്ഷേപിച്ച പൊതു വിദ്യാഭ്യാസ ഡയറക്ടറെ സ്ഥാനത്തു നിന്നും പുറത്താക്കണമെന്ന് എയ്ഡഡ് സ്കൂൾ മാനേജേഴ്സ് അസോസിയേഷൻ ജില്ലാ സ്പെഷ്യൽ കൺവൻഷൻ (മാനേജേഴ്സ് മീറ്റ് ) ആവശ്യപ്പെട്ടു.നീതി ആയോഗിൻ്റെ കണക്ക് പ്രകാരം നക്ഷത്ര പദവി ലഭിച്ച കേരളത്തിൻ്റെ പൊതുവിദ്യാഭ്യാസ മേഖലയാകെയും വിദ്യാർത്ഥികളെയും കുഴപ്പമാണന്ന് വരുത്താൻ നടത്തിയ ഗൂഡാലോചനയെ കുറിച്ചും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും നിവേദനം നൽകും.ഡിസംബർ 14 അവകാശപത്രികാദിനമായി ആചരിക്കും.

കൊല്ലം പബ്ലിക് ലൈബ്രറി ആഡിറ്റോറിയത്തിൽ നടന്ന യോഗം
സംസ്ഥാന ജനറൽ സെക്രട്ടറി മണി കൊല്ലം ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡൻ്റ് കല്ലട ഗിരീഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി വി.വി ഉല്ലാസ് രാജ് മുഖ്യ പ്രഭാഷണം നടത്തി.സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മഠത്തിൽ ഉണ്ണികൃഷ്ണപിള്ള,അബ്ദുൾ ഷെരീഫ്, ലക്ഷ്മി കൃഷ്ണ,റെക്സ് വെള്ളിയം, അനിൽ തടിക്കാട്,എസ് രമേഷ് കുമാർ,എ.എൽ ഷിഹാബ്ദീൻ, പി.തങ്കച്ചൻ തുടങ്ങിയവർ സംസാരിച്ചു.