നവകേരള സദസിന്‍റെ പേരില്‍ ഭീഷണിവിലപ്പോവില്ലെന്ന് യുഡിഎഫ്

Advertisement

കരുനാഗപ്പള്ളി. കരുനാഗപ്പള്ളിയിലെ നവകേരളസദസ്സുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലും അതിന്റെ പ്രചാരണത്തിലും പങ്കെടുക്കാന്‍ താല്പര്യമില്ലാത്ത കുടുംബശ്രീപ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍മാര്‍, അങ്കണവാടി വര്‍ക്കര്‍മാര്‍, ഹെല്‍പ്പര്‍മാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ തുടങ്ങിയവരെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനുളള നഗരസഭ നേതൃത്വത്തിന്റെയും കുടുംബശ്രീഅധികാരികളുടേയും നീക്കങ്ങളെ അംഗീകരിക്കുകയില്ലെന്ന് യു.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം അഭിപ്രായപ്പെട്ടു. ലോക്‌സഭ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി ഇടതുപക്ഷസര്‍ക്കാര്‍ നടത്തുന്ന ഒരു രാഷ്ട്രീയ അഭ്യാസ പ്രകടനമാണ് നവകേരളസദസ്സെന്നും യോഗം ആക്ഷേപം ഉന്നയിച്ചു.

പൗരന്മാരുടെ അഭിപ്രായസ്വാതന്ത്ര്യത്തേയും മൗലികാവകാശങ്ങളേയും അംഗീകരിക്കുകയില്ല എന്ന എല്‍.ഡി.എഫ് നിലപാട് ജനാധിപത്യവിരുദ്ധമാണെന്നും ഇത്തരം വിലകുറഞ്ഞ നടപടികളില്‍ നിന്നും എല്‍.ഡി.എഫും നഗരസഭാ നേതൃത്വവും കുടുംബശ്രീ അധികാരികളും പിന്‍മാറണമെന്നും യു.ഡി.എഫ് യോഗം അഭിപ്രായപ്പെട്ടു. കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് ലോണ്‍ കൊടുക്കുകയില്ലെന്നും മറ്റുള്ളവര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്നുമുളള ഭീഷണി അംഗീകരിക്കുകയില്ലെന്നും ഈ സംവിധാനം ആരുടേയും കുടുംബസ്വത്തല്ലെന്നും യു.ഡി.എഫ് പ്രസ്താവനയില്‍ ഓര്‍മ്മിപ്പിച്ചു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് വന്‍തോതില്‍ പണപ്പിരിവ് നടത്തുന്നതായും യു.ഡി.എഫ് ആക്ഷേപം ഉന്നയിച്ചിട്ടുണ്ട്. നവകേരളസദസ്സിന്റെ പേരില്‍ കരുനാഗപ്പള്ളിയില്‍ നിന്നും ലക്ഷക്കണക്കിന് രൂപ ഭീഷണിപ്പെടുത്തി പിരിവു നടത്തുന്ന സമ്പ്രദായം അഭിലഷണീയമല്ലെന്നും ഇത്തരം പ്രവര്‍ത്തികളില്‍നിന്നും എല്‍.ഡി.എഫ് നേതൃത്വം പിന്‍മാറണമെന്നും യു.ഡി.എഫ് യോഗം ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് കൂടിയ യോഗത്തില്‍ യു.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ എം.അന്‍സാര്‍ അദ്ധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ അഡ്വ. റ്റി.പി.സലിംകുമാര്‍, സിംലാല്‍, ബീനജോണ്‍സണ്‍ റഹിയാനത്ത് ബീവി, എം.എസ്.ശിബു എന്നിവര്‍ പങ്കെടുത്ത് സംസാരിച്ചു.

Advertisement