ശാസ്താംകോട്ട: മണ്ണെണ്ണ മുക്കിലെ ബാറിൽ നിന്നിറങ്ങി വീട്ടിലേക്ക് പോകാനായി ബുള്ളറ്റ് സ്റ്റാർട്ട് ചെയ്യുകയായിരുന്ന യുവാവിനെ
ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച മൂന്ന് പ്രതികൾ അറസ്റ്റിൽ.കൊല്ലം ചിന്നക്കട നഗർ 6 കണ്ടോൺമെന്റ് നോർത്ത് പുത്തൻപുര വീട്ടിൽ നിന്നും
പടിഞ്ഞാറേ കല്ലട വിളന്തറ മാങ്കൂട്ടം കോളനി കാരൂർ കിഴക്കതിൽ വീട്ടിൽ താമസക്കാരനായ സജിത്ത് (36) നെ ആണ് ആക്രമിച്ച് പരിക്കേൽപ്പിച്ചത്.കഴിഞ്ഞ മാസം രണ്ടിന് രാത്രി 10.30 നായിരുന്നു സംഭവം.പള്ളിശ്ശേരിക്കൽ മുളക്കൽ തെക്കതിൽ ബാഷ എന്ന് വിളിക്കുന്ന ബാദുഷ (29),പള്ളിശ്ശേരിക്കൽ പീടികയിൽ അയ്യത്ത് വീട്ടിൽ അതുൽ രാജ് എന്ന് വിളിക്കുന്ന കെ.പി കണ്ണൻ (27),പള്ളിശ്ശേരിക്കൽ പൊയ്കയിൽ മുക്ക് പ്രിയാ ഭവനം മൂട്ടാസ് എന്ന് വിളിക്കുന്ന പ്രതിൻ (29) എന്നിവരാണ് പിടിയിലായത്.കരുതൽ തടങ്കൽ നിയമപ്രകാരം ആറുമാസം ജയിൽ ശിക്ഷ അനുഭവിച്ചു ജാമ്യത്തിൽ കഴിഞ്ഞുവരുന്നയാളാണ് ഒന്നാം പ്രതി ബാദുഷ.മറ്റുള്ളവരും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ്.5 പ്രതികൾ ഒളിവിലാണ്.ബാറിൽ വച്ച് ആരോ ബാദുഷയെ ചീത്ത വിളിച്ചത് ആക്രമണത്തിന് ഇരയായ സജിത്താണെന്ന് തെറ്റിദ്ധരിച്ചായിരുന്നു മർദ്ദനം.ബാദുഷ പാറക്കഷണം കൊണ്ട് സജിത്തിന്റെ തലയിൽ ശക്തിയായി ഇടിച്ചെങ്കിലും ഒഴിഞ്ഞുമാറിയതിനാൽ ഇടത് കണ്ണിൽ കൊണ്ട് മുറിവ് പറ്റുകയും കാഴ്ചയ്ക്ക് ഭാഗികമായി തകരാർ സംഭവിക്കുകയും ചെയ്തു.മറിഞ്ഞു വീണ ഇയ്യാളെ മറ്റ് പ്രതികൾ മൂന്നുപേരും കൂടി ഉപദ്രവിക്കുകയും കൊലപ്പെടുത്തുമെന്ന്
ഭീഷണിപ്പെടുത്തുകയും ചെയ്തു.നാട്ടിലെ സമാധാന അന്തരീക്ഷത്തിന് പതിവായി ഭംഗം വരുത്തിയിരുന്ന ഇവർ ആക്രമിച്ച് പരിക്കേൽപ്പിക്കുന്നവരുടെ വീടുകളിലെത്തി ഭീഷണിപ്പെടുത്തി പോലീസിൽ പരാതി കൊടുക്കുന്നതിൽ നിന്നും പിന്തിരിപ്പിച്ച് രക്ഷപ്പെട്ടു വരികയായിരുന്നു.ശാസ്താംകോട്ട എസ്.എച്ച്.ഒ ശ്രീജിത്ത്.കെ,എ.എസ്.ഐ ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.