ശൂരനാട് വടക്ക് പടിഞ്ഞാറ്റംമുറിയിൽഅക്രമി സംഘം വീട്ടിൽ കയറി ആക്രമണം നടത്താൻ ശ്രമിച്ചതായി പരാതി

Advertisement

ശാസ്താംകോട്ട:ശൂരനാട് വടക്ക് പടിഞ്ഞാറ്റംമുറിയിൽ അക്രമി സംഘം വീട്ടിൽ കയറി ആക്രമണം നടത്താൻ ശ്രമിച്ചതായി പരാതി.പടിഞ്ഞാറ്റംമുറി വല്യത്ത് ജംഗ്ഷനിൽ മുണ്ടുവേലിൽ വടക്കതിൽ സുനിൽകുമാറിന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം രാത്രി 11 മണിക്ക് ഒരുപറ്റം അക്രമി സംഘം ആക്രമണം നടത്താൻ ശ്രമിച്ചത്.വെള്ള ആൾട്ടോ കാറിൽ ആണ് അഞ്ച് അംഗ സംഘം എത്തിയത്.ഗേറ്റ് അടച്ചിരുന്നതിനാൽ മതിൽ ചാടി അകത്തു കടന്ന അക്രമി സംഘം കോളിംഗ് ബെൽ അടിച്ചു വിളിക്കുകയായിരുന്നു.തുടരെ ബെല്ലടിക്കുന്നത് കേട്ട് ഉറങ്ങിക്കിടന്ന സുനിൽകുമാർ കടയിൽ സാധനം വാങ്ങാൻ വന്നവരായിരിക്കുമെന്ന് കരുതി എഴുന്നേറ്റു ജനലിലൂടെ നോക്കിയപ്പോൾ തോർത്തുകൊണ്ട് മുഖം മറച്ച അക്രമി സംഘം വടിവാളുമായി നിൽക്കുന്നതാണ് കണ്ടത്.

ബഹളം വച്ചപ്പോൾ അക്രമിസംഘം അസഭ്യം പറഞ്ഞുകൊണ്ട് കാറിൽ കയറി രക്ഷപ്പെട്ടു.വീട്ടിൽ ഉണ്ടായിരുന്ന സിസിടിവി ക്യാമറ അക്രമി സംഘം മറച്ചിരുന്നു.സമീപത്തുള്ള സുനിൽകുമാറിന്റെ കടയിൽ ഉണ്ടായിരുന്ന ക്യാമറയിൽ നിന്നാണ് കാറും സംഘാംഗളുടെയും ദൃശ്യങ്ങൾ ലഭിച്ചത്.എന്നാൽ കാറിന്റെ നമ്പർ കണ്ടുപിടിക്കാൻ സാധിച്ചില്ല.പരാതിയുടെ അടിസ്ഥാനത്തിൽ ശൂരനാട് പോലീസ് അന്വേഷണം ആരംഭിച്ചു.

Advertisement