ഓയൂര്‍: വെളിനല്ലൂര്‍ അടയറയില്‍ വയോധികന്റെ ശരീരത്തില്‍ രണ്ട് കത്തികള്‍ കുത്തിയിറക്കിയ നിലയില്‍ കണ്ടെത്തി. അടയറ, വിജയ മന്ദിരത്തില്‍ ശ്രീധരന്‍ പിള്ള (72) യുടെ ദേഹത്താണ് കത്തികള്‍ കുത്തിക്കയറിയ നിലയില്‍ കണ്ടത്. ഇദ്ദേഹത്തിന്റെ ഭാര്യ സുമതിയമ്മ ഒരു വര്‍ഷം മുന്‍പ് ഇത്തിക്കര പാലത്തില്‍ നിന്നും ആറ്റില്‍ ചാടി മരിച്ചിരുന്നു. പിന്നീട് വീട്ടില്‍ ഒറ്റക്ക് താമസിച്ച് വരികയായിരുന്നു ശ്രീധരന്‍പിള്ള.
ഇയാളുടെ വീടിന് സമീപം താമസിക്കുന്ന മകന്റെ ഭാര്യ ഇന്നലെ രാവിലെ ആറുമണിയോടെ പാലുവാങ്ങാനായി പുറത്തേക്ക് പോകുമ്പോഴാണ് വീടിന് സമീപത്തെ ഇടവഴിയില്‍ ദേഹത്ത് കത്തികള്‍ തറച്ച നിലയില്‍ അബോധാവസ്ഥയില്‍ ഇദ്ദേഹത്തെ കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ വാര്‍ഡ് മെമ്പര്‍ ജ്യോതിദാസിന്റെ നേതൃത്വത്തില്‍ ശ്രീധരന്‍ പിള്ളയെ പാരിപ്പള്ളി മെഡിക്കല്‍ കോളജിലും അവിടെ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഡോക്ടര്‍മാര്‍ അടിയന്തിര ശസ്ത്രക്രിയയിലൂടെ രണ്ട് കത്തികളും പുറത്തെടുത്തു. ശരീരത്തില്‍ നിന്നും അധികമായി രക്തം വാര്‍ന്നു പോയതിനാല്‍ വൈകുന്നേരം ആറ് മണി വരെഅബോധാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തില്‍ കഴിയുയാണ്. ഭാര്യ മരിച്ച ശേഷം ഒറ്റപ്പെട്ട് കഴിഞ്ഞ് വന്നിരുന്ന ശ്രീധരന്‍ പിള്ളയ്ക്ക് നേരിയേ തോതില്‍ മാനസിക അസ്വാസ്ഥ്യം ഉള്ളതായി ബന്ധുക്കള്‍ പറഞ്ഞു. ഇദ്ദേഹം കത്തികള്‍ സ്വയം ദേഹത്ത് കുത്തിയിറക്കി ആത്മഹത്യക്ക് ശ്രമിച്ചതായി സംശയിക്കുന്നതായി പോലീസ് പറഞ്ഞു. പൂയപ്പള്ളി പോലീസ് അന്വേഷണം ആരംഭിച്ചു.