കൊട്ടാരക്കര: കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു നിയന്ത്രണം വിട്ട കാറിനും നടപ്പാതയിലെ കമ്പിയഴിയ്ക്കിടയിലും പെട്ടു ഞെരുങ്ങി യുവതിക്കു ദാരുണാന്ത്യം. എം.സി.റോഡിൽ പുലമൺ ജംഗ്ഷനിൽ ചൊവ്വാഴ്ച രണ്ടരയോടെ ഉണ്ടായ അപകടത്തിൽ നെടുവത്തൂർ പ്ലാമൂട് രഞ്ജിനി ഭവനിൽ ഐ.എസ്.ശാന്തിനി(33) ആണ് മരിച്ചത്. പുലമൺ എൽ.ഐ.സി. കോംപ്ലക്‌സിൽ നിന്നും എം.സി.റോഡിലേക്കിറങ്ങിയ കാറിൽ അടൂർ ഭാഗത്തു നിന്നെത്തിയ ശബരിമല തീർഥാടകരുടെ കാർ ഇടിക്കുകയും ഇടിയേറ്റ കാർ കറങ്ങി നിരങ്ങി നടപ്പാതയോടു ചേർന്നു റോഡരുകിൽ നിൽക്കുകയായിരുന്ന ശാന്തിനിയെ ഇടിക്കുകയുമായിരുന്നു.
കാറിനും നടപ്പാതയിലെ കമ്പിയിഴയ്ക്കിടയിലും ഞെരുങ്ങിയ ശാന്തിനിക്ക് ഗുരുതരമായി പരിക്കേൽക്കുകയും പിൻ ചക്രങ്ങൾക്കിടയിൽ കുരുങ്ങി ഇടതു പാദം അറ്റുപോവുകയും ചെയ്തു. സ്ഥലത്തുണ്ടായിരുന്നവരും ഓട്ടോറിക്ഷാ തൊഴിലാളികളും ചേർന്ന് ഉടൻ ശാന്തിനിയെ കൊട്ടാരക്കരയിൽ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ആന്തരിക രക്തസ്രാവമാണ് മരണ കാരണമെന്ന് പോലീസ് പറയുന്നു. ശാന്തിനിയോടൊപ്പമുണ്ടായിരുന്ന ശരണ്യ(28)യ്ക്കും പരിക്കേറ്റിരുന്നു. പുലമണിലുള്ള പി.എസ്.സി. പരീക്ഷാ പരിശീലന സ്ഥാപനത്തിലെ വിദ്യാർഥി ആയിരുന്നു ശാന്തിനി. മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. നെടുവത്തൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.ഇന്ദിരയുടെയും ശശിധരന്റെയും മകളാണ്. ഭർത്താവ്: അനു. മക്കൾ: അവന്തിക(നാലര), ആരുഷ്(ഒന്നര). കൊട്ടാരക്കര പോലീസ് കേസെടുത്തു.