കൊല്ലം.കശുവണ്ടി വ്യവസായത്തിൽ സൗഹൃദ അന്തരീക്ഷം ഉണ്ടാക്കാൻ തൊഴിലാളികളും, ട്രേഡ് യൂണിയനുകളും വ്യവസായികളും സഹകരിക്കണമെന്ന് കാഷ്യൂ കോർപ്പറേഷൻ ചെയർമാൻ എസ് ജയമോഹനും കാപെക്സ് ചെയർമാൻ എം ശിവശങ്കര പിള്ളയും അഭ്യർത്ഥിച്ചു.
LDF ഗവൺമെൻ്റ് അധികാരത്തിൽ വന്ന നാൾ മുതൽ പൊതുമേഖല സ്ഥാപനമായ കശുവണ്ടി വികസന കോർപ്പറേഷനും സഹകരണ സ്ഥാപനമായ കാപ്പെക്സും തൊഴിലാളികളുടെ ആനുകൂല്യങ്ങൾ ഇരട്ടിയിലധികം വർദ്ധിപ്പിച്ച്. കൃത്യമായി തൊഴിൽ ദിനങ്ങൾ നൽകിയുമാണ് പ്രവർത്തിച്ച് വരുന്നത്. ഇ.എസ്. ഐ ആനുകൂല്യങ്ങൾ തൊഴിലാളികൾക്ക് ലഭ്യമാക്കാനുള്ള ഇടപെടലുകളാണ് രണ്ട് പൊതുമേഖലാ സ്ഥാപനങ്ങളും നടത്തി വരുന്നത്.
പ്രതിസന്ധികൾക്കിടയിലും ഓണം ബോണസിൽ 500/ രൂപയുടെ വർദ്ധനവ് വരുത്തി 10000/ രൂപ ബോണസ് അഡ്വാൻസ് ഈ വർഷം നൽകിയിട്ടുള്ളതും ഈ ഇനത്തിൽ 60 ലക്ഷം രൂപ കാഷ്യൂ കോർപ്പറേഷനും 20 ലക്ഷം രൂപ കാപെക്സിനും അധിക ബാദ്ധ്യത ഉണ്ടായിട്ടുള്ളതുമാണ്.
തൊഴിലാളികളുടെ മിനിമം കൂലി പുതുക്കി നിശ്ചയിക്കുന്നത് വഴി ഷെല്ലിംഗ് തൊഴിലാളികൾക്ക് 1 കിലോഗ്രാമിന് 54.80/- രൂപയും, പീലിംഗ് തൊഴിലാളികൾക്ക് കിലോഗ്രാമിന് 69.71/- രൂപയും ഗ്രേഡിംഗ് തൊഴിലാളികൾക്ക് പ്രതിദിനം 422.55/- രൂപയും, ഹെഡ് ലോഡ് തൊഴിലാളികൾക്ക് പ്രതിദിനം 497.27/- രൂപയും കൂലി ഇനത്തിൽ ലഭിക്കും. യഥാക്രമം 18.61, 23.68, 137.5 151.52 രൂപയുടെയും വർദ്ധനയാണ് ഈ ഇനത്തിൽ വരുന്നത്. ഷെല്ലിംഗ്, പീലിംഗ് സെക്ഷനുകളിൽ കൂടുതൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് കൂടുതൽ മെച്ചപ്പെട്ട വേതനം ലഭിക്കുന്നതാണ്.
മുൻ കാലങ്ങളിൽ കോർപ്പറേഷൻ ബാങ്കുകൾക്ക് ബാദ്ധ്യത ഇനത്തിൽ നൽകാനുണ്ടായിരുന്ന തുക LDF ഗവൺമെൻ്റ് വന്നതിന് ശേഷം ബാങ്കുകളുമായുള്ള ചർച്ചകളിലൂടെ ഒറ്റതവണ തീർപ്പാക്കൽ വഴി 80 കോടിയായി തിട്ടപ്പെടുത്തി ബാങ്കുകൾക്ക് നൽകി ബാദ്ധ്യത ഒഴിവാക്കിയിട്ടുള്ളതാണ്. കൂടാതെ ഗവൺമെൻ്റ് സഹായത്തോടെ 11 വർഷത്തെ ഗ്രാറ്റുവിറ്റി കുടിശ്ശിക 85 കോടി രൂപ ഈ കാലയളവിൽ നൽകിയിട്ടുള്ളതും 2022 വരെ വിരമിച്ച തൊഴിലാളികൾക്കും, ജീവനക്കാർക്കും ഈ ഇനത്തിൽ തുക നൽകിയിട്ടുള്ളതുമാണ്.
കൂടാതെ 2014, 2015 വർഷങ്ങളിലായി PF കുടിശ്ശികയായി അടക്കാനുണ്ടായിരുന്ന 10 കോടിയോളം രൂപ അടച്ച് തീർക്കുന്നതിനുള്ള നടപടികളും ഈ കാലയളവിൽ സ്വീകരിച്ചിട്ടുണ്ട്.
1969 മുതൽ 2005 വരെ വാണിജ്യ നികുതി കുടിശ്ശികയായി അടയ്ക്കാൻ ഉണ്ടായിരുന്ന 65.76 കോടി രൂപ മുഖ്യമന്ത്രി പങ്കെടുത്ത യോഗ തീരുമാനപ്രകാരം ഗവൺമെൻ്റ് അനുവദിച്ച പ്രത്യേക ഇളവ് വഴി ഒഴിവാക്കുന്നതിനും ഈ കാലയളവിൽ കഴിഞ്ഞിട്ടുണ്ട്
കോർപ്പറേഷനിൽ നിന്നും നൽകി വന്നിരുന്ന എല്ലാ ക്ഷേമ പദ്ധതികളുടെയും ആനുകൂല്യങ്ങൾ ഈ കാലയളവിൽ ഇരട്ടിയിലധികം വർദ്ധിപ്പിച്ച് തൊഴിലാളികൾക്ക് നൽകുന്നതിനുള്ള നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്.
മരണാനന്തര ചിലവിനുള്ള സഹായം, മികവ് പദ്ധതിയിൽപ്പെടുത്തി വിവിധ സ്കോളർഷിപ്പുകളുടെ മൂന്ന് ഇരട്ടിയിലധികം വർദ്ധനവ്, കനിവ് സ്കീമിൽപ്പെടുത്തി കാൻസർ രോഗികൾക്കുള്ള പ്രത്യേക സഹായം, MBBS എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്കുള്ള പഠന സഹായം എന്നിവയാണ് ഇപ്രകാരം നൽകി വരുന്നത്. കൂടാതെ ESI മെഡിക്കൽ കോളേജുകളിൽ 16 ഓളം കശുവണ്ടി തൊഴിലാളികളുടെ കുട്ടികൾക്ക് MBBS ന് പഠിക്കുന്നതിനുള്ള അവസരവും ഈ കാലയളവിൽ കോർപ്പറേഷൻ മുൻ കൈയെടുത്ത് നേടിക്കൊടുത്തിട്ടുണ്ട്. ദിശ പദ്ധതിയിൽപ്പെടുത്തി തൊഴിലാളികളെ സാക്ഷരരാക്കുന്നതിനുള്ള നടപടികളും കോർപ്പറേഷൻ സ്വീകരിച്ചിട്ടുണ്ട്.
കോർപ്പറേഷൻ ഫാക്ടറികളിൽ പുതുതായി 6000 തൊഴിലാളികൾക്ക് തൊഴിൽ നൽകുന്നതിനും, മാസശമ്പള തസ്തികകളിലേക്ക് 216 പേരെ പുതുതായി നിയമിക്കുന്നതിനും ഈ കാലയളവിൽ കഴിഞ്ഞിട്ടുണ്ട്. യോഗ്യതയുടെ അടിസ്ഥാനത്തിൽ തൊഴിലാളികളിൽ നിന്നും 26 പേർക്ക് ഫാക്ടറി ക്ലാർക്ക് തസ്തികകളിലേക്ക് നിയമനവും നൽകിയിട്ടുണ്ട്.
കശുവണ്ടി രംഗത്ത് അടഞ്ഞ് കിടക്കുന്ന ഫാക്ടറികൾ തുറന്ന് പ്രവർത്തിക്കുക എന്ന ലക്ഷ്യത്തോടെ LDF ഗവൺമെൻ്റ്, സ്വീകരിച്ച പ്രത്യേക നടപടികളിലൂടെ സ്വകാര്യ വ്യവസായികളുടെ ബാങ്ക് ബാദ്ധ്യത ലഘൂകരിക്കുന്നതിനും പലിശ ഒഴിവാക്കി തുടർ വായ്പ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചത് വഴി സ്വകാര്യ മേഖലയിലെ ഫാക്ടറികൾ തുറന്ന് പ്രവർത്തിപ്പിക്കുന്നതിനും കഴിഞ്ഞിട്ടുള്ളതാണ്. ഇതിനായി പ്രത്യേക പാക്കേജിൽപ്പെടുത്തി ബഡ്ജറ്റിലുൾപ്പെടുത്തിയിട്ടുള്ള 30 കോടി രൂപാ വിനിയോഗിക്കുന്നതിനുള്ള നടപടികൾ നടന്നു വരികയാണ്.
തൊഴിലാളികളുടെ ആനുകൂല്യങ്ങൾ സംരക്ഷിച്ചും തുടർച്ചയായി ജോലി നൽകിയും മാതൃകാപരമായി പ്രവർത്തിക്കുന്ന കശുവണ്ടി വികസന കോർപ്പറേഷൻ്റെയും കാപെക്‌സിൻ്റെയും പ്രവർത്തനങ്ങളെ തുരങ്കം വയ്ക്കുന്നതിനുള്ള സമീപനം ചിലർ സ്വീകരിക്കുന്നതായി ചെയർമാൻമാർ പറഞ്ഞു. ഇതിൻ്റെ ഭാഗമായാണ് ചില ഫാക്ടറികളിൽ ഒറ്റപ്പെട്ട നിയമ വിരുദ്ധമായ പണിമുടക്കുകൾ നടന്നതെന്ന് ചെയർമാൻമാൻ പറഞ്ഞു. കായംകുളം, കരിമുളയ്ക്കൽ, നൂറനാട് ഫാക്ടറികളിൽ നടന്ന നിയമവിരുദ്ധമായ സമരം മൂലം ഏകദ്ദേശം ഒന്നര കോടി രൂപയുടെ നഷ്ടം കോർപ്പറേഷന് ഉണ്ടായതായി ചെയർമാൻ സൂചിപ്പിച്ചു.
ക്രിസ്മസ് ഉൾപ്പെടെ കശുവണ്ടി പരിപ്പിന് കൂടുതൽ ആവശ്യകത ഉള്ള അവസരത്തിൽ കോർപ്പറേഷൻ്റെയും കാപെക്സിൻ്റെയും കശുവണ്ടി പരിപ്പ് മാർക്കറ്റിൽ ഇറങ്ങാതിരിക്കുന്നതിനും ഇറക്കുമതി ചെയ്യുന്ന മോശം കശുവണ്ടി പരിപ്പിന് വിപണി ഉണ്ടാക്കി കൊടുക്കുന്നതിനുമുള്ള ആസൂത്രിത ശ്രമമാണ് ഇതിന് പിന്നിലുള്ളതെന്ന് ചെയർമാൻമാർ പറഞ്ഞു.
പ്രതിസന്ധികൾക്കിടയിലും തൊഴിലാളികളുടെ കൂലി വർദ്ധന ഉൾപ്പെടെയുള്ള എല്ലാ ആനുകൂല്യങ്ങളും തുടർച്ചയായ ജോലിയും ഉറപ്പ് വരുത്തി പ്രവർത്തിക്കുന്ന കാഷ്യൂ കോർപ്പറേഷൻ്റെയും കാപെക്‌സിൻ്റെയും പ്രവർത്തനങ്ങൾ ഉൾക്കൊണ്ട് കൂടുതൽ മെച്ചപ്പെട്ട പ്രവർത്തനങ്ങൾക്ക് എല്ലാ തൊഴിലാളികളുടെയും ട്രേഡ് യൂണിയൻ പ്രവർത്തകരുടെയും സഹകരണം ഉണ്ടാകണമെന്ന് ചെയർമാൻ മാർ അഭ്യർത്ഥിച്ചു.