ശാസ്താംകോട്ട . ശൂരനാട് തെക്ക് പഞ്ചായത്തംഗം രാജി വയ്ക്കാതെ വിദേശത്ത് ജോലിയിൽ പ്രവേശിച്ചതായി പരാതി.അവധി അപേക്ഷ പോലും നൽകാതെയാണ് പഞ്ചായത്തംഗം വിദേശത്തേക്ക് പോയതെന്നാണ് ആക്ഷേപം.ശൂരനാട് തെക്ക് കുമരഞ്ചിറ പതിമൂന്നാം വാർഡ് അംഗം ദീപയാണ് രഹസ്യമായി വിദേശത്തേക്ക് പോയതായാണ് ആക്ഷേപം.വിസിറ്റിംഗ് വിസയിൽ വിദേശത്തേക്ക് പോയ ഇവർ ജോലി തരപ്പെടുത്തിയ ശേഷം നാട്ടിൽ മടങ്ങി എത്തിയിരുന്നു.വാർഡിൽ വികസന പ്രവർത്തനങ്ങളിലോ ജനങ്ങളുടെ പ്രശ്നങ്ങളിലോ ഇടപെടാതെ ഭരണ സമിതി യോഗത്തിൽ പങ്കെടുത്തതായാണ് വിവരം. ഒപ്പിട്ട് ആനുകൂല്യങ്ങളും മറ്റും കൈപ്പറ്റിയ ശേഷം വീണ്ടും വിദേശത്തേക്ക് മടങ്ങുകയായിരുന്നുവത്രേ. അതിനിടെ തനിക്ക് വിദേശത്ത് ജോലി ലഭിച്ചതിനാൽ രാജി സന്നദധത അറിയിച്ച് ദീപ സിപിഐ നേതൃത്വത്തിന് കത്ത് നൽകിയിരുന്നതായി വിവരമുണ്ട്.നേതൃത്വം ഇത് അംഗീകരിക്കാൻ തയ്യാറായിരുന്നെങ്കിലും സിപിഎം ഇടപെട്ട് തടയുകയായിരുന്നുവത്രേ.
ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നാൽ മികവുറ്റ സ്ഥാനാർത്ഥിയെ കണ്ടെത്തുക പ്രയാസമാണെന്നും തങ്ങൾ പരാജയപ്പെടുമെന്നുമുള്ള നേതൃത്വത്തിന്റെ കണക്കു കൂട്ടലുമാണ് ഇതിന് പിന്നിലെന്നാണ് പറയപ്പെടുന്നത്.
അതിനിടെ ശൂരനാട് തെക്ക് ഗ്രാമ പഞ്ചായത്ത് അംഗത്തെ മാസങ്ങളായി കാൺമാനില്ലെന്ന പരാതിയുമായി യൂത്ത് കോൺഗ്രസ് രംഗത്തെത്തി. അംഗത്തെ മാസങ്ങളായി കാൺമാനില്ലെന്ന പരാതിയുമായി യൂത്ത് കോൺഗ്രസ് നേതാക്കള്‍ സെക്രട്ടറിക്ക് പരാതി നല്‍കി..കുമരഞ്ചിറ 13-ാം വാർഡ് മെമ്പറും സിപിഐ അംഗവുമായ ദീപയെ ഉടൻ കണ്ടെത്തണമെന്നും അല്ലാത്ത പക്ഷം ജനാധിപത്യ രീതിയിൽ മറ്റ് മാർഗങ്ങൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആകാശ് മുക്കട,ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ വിളയിൽ അനുകൃഷ്ണൻ,ശ്യാം,മണ്ഡലം ഭാരവാഹികളായ ആദിൽ,അജാസ് താജ്,അമൽ രഘു,രാജീവ് എന്നിവരുടെ നേതൃത്വത്തിലാണ് പരാതി സമർപ്പിച്ചത്.