കാണിക്കവഞ്ചി മോഷ്ടിക്കാൻ ശ്രമിച്ച പ്രതികൾ പിടിയിൽ

Advertisement

കാണിക്കവഞ്ചി മോഷ്ടിക്കാൻ ശ്രമിച്ച കേസിലെ പ്രതികൾ പോലീസ് പിടിയിലായി. പാവുമ്പ, മൂർത്തി വേല കോളനി, ഉദയൻ (46), തൊടിയൂർ, വയലിൽ വീട്ടിൽ അബ്ദുൾ റഹീം(36) എന്നിവരാണ് പോലീസിൻറെ പിടിയിലായത്. കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് 6 മണിയോടെ ഇവർ വള്ളിക്കാവ്, ആദിനാട് ശ്രീനാരായണ ക്ഷേത്ര സമിതിയുടെ മതിൽക്കെട്ടിനുള്ളിൽ സ്ഥാപിച്ചിരിക്കുന്ന കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം നടത്താൻ ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെട്ട് മടങ്ങുകയായിരുന്നു. എന്നാൽ സംശയം തോന്നി ക്ഷേത്ര സമിതി ഭാരവാഹികൾ അടുത്ത ദിവസം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മോഷണശ്രമത്തിനെ പറ്റി വ്യക്തമായ വിവരം ലഭിച്ചത്. തുടർന്ന് ക്ഷേത്ര സമിതി വൈസ് പ്രസിഡൻറ് സുശീലൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കരുനാഗപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്യ്ത് നടത്തിയ അന്വേഷണത്തിൽ പ്രതികളെ വളരെ വേഗം കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കരുനാഗപ്പള്ളി പോലീസ് ഇൻസ്‌പെക്ടർ ബിജുവിൻറെ നേതൃത്വത്തിൽ എസ്.ഐ ഷിഹാസ്, എ.എസ്.ഐ സജീന, സി.പി.ഓ നൗഫൽ, എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

Advertisement