മുഖ്യമന്ത്രിയുടെ സഞ്ചാരപാതയിൽ സുഗമ യാത്രയൊരുക്കാൻ കുഴികളടച്ചു;പ്രഹസനമെന്ന് യാത്രക്കാർ

Advertisement

കുന്നത്തൂർ: നവകേരള വാഹനവ്യൂഹം കടന്നു പോകുമ്പോൾ തടസ്സങ്ങൾ ഉണ്ടാകാതിരിക്കാൻ സഞ്ചാരപാതയിലെ കുഴികളടച്ച് പൊതുമരാമത്ത് വകുപ്പ്.മാസങ്ങളായി തകർന്നു കുണ്ടും കുഴിയുമായി കിടന്ന
റോഡാണ് മുഖ്യമന്ത്രി വരുന്നതിന് മുന്നോടിയായി നന്നാക്കിയത്.തിങ്കളാഴ്ച വൈകിട്ട് 6ന് ചക്കുവള്ളിയിൽ വച്ചാണ് കുന്നത്തൂർ മണ്ഡലത്തിലെ നവകേരള സദസ് നടക്കുന്നത്.കൊട്ടാരക്കരയിലെ പരിപാടി കഴിഞ്ഞ ശേഷം പുത്തൂർ,കുന്നത്തൂർ,ഭരണിക്കാവ് വഴിയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പെടുന്ന വാഹനവ്യൂഹം കടന്നു പോകുന്നത്.കൊട്ടാരക്കര മുതൽ പുത്തൂർ വരെയും കുന്നത്തൂർ പാലം മുതൽ സിനിമാപറമ്പ് വരെയും റോഡിൽ പടുകുഴികളാണ് രൂപപ്പെട്ടിരുന്നത്.മുസ്ലീം സ്ട്രീറ്റ്,അവണൂർ,കുന്നത്തൂർ കൊക്കാംകാവ് വളവ്,നെടിയവിള,തൊളിക്കൽ എന്നിവിടങ്ങളിെലെ കുഴികളിൽ വീണ് യാത്രക്കാർക്ക് പരിക്കേൽക്കുന്നത് നിത്യസംഭവമായിരുന്നു.റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യം അധികൃതർ ചെവിക്കൊണ്ടിരുന്നില്ല.പലയിടത്തും നാട്ടുകാർ കോൺക്രീറ്റും മറ്റും ഉപയോഗിച്ച് കുഴികൾ അടച്ചിരുന്നു. ശബരിമല സീസണ്‍തുടങ്ങുമ്പോള്‍ കുടിഅടപ്പുണ്ടായിരുന്നെങ്കിലും ഇത്തവണ അതുണ്ടായില്ല.

അതിനിടെ മുഖ്യമന്ത്രി എത്തുന്നതിന് മുന്നോടിയായി കുഴികൾ അടച്ചത് വെറും പ്രഹസനമായതായും പരാതിയുണ്ട്.മണ്ണുമാന്തി യന്ത്രം കൊണ്ട് കുഴികളുടെ വീതിയും ആഴവും കൂട്ടിയ ശേഷം ടിപ്പർ ലോറിയിൽ എത്തിച്ച മെറ്റൽ വിതറുകയും പിന്നീട് ടാർ ചേർന്ന മിശ്രിതം വിതറുകയുമായിരുന്നു.റോളർ ഉപയോഗിച്ച് ബലപ്പെടുത്തിയ ശേഷം ജോലിക്കാർ മടങ്ങുകയും ചെയ്തു.പൊതുമരാമത്ത് വകുപ്പ് ജീവനക്കാർ ആരും തന്നെ ഉണ്ടായിരുന്നില്ല.കുഴികളിൽ ലൂസായ ടാർ സ്പ്രേ ചെയ്യാതെ മെറ്റലിട്ട് ഓട്ടയടച്ചതിന് പിന്നിൽ മുഖ്യമന്ത്രിക്ക് കടന്നുപോകുന്നതിന് മാത്രമുള്ള നവീകരണമെന്ന് വ്യക്തം.എന്നാൽ ശക്തമായൊരു മഴ പെയ്താൽ കുഴികൾ വീണ്ടും പഴയതിനെക്കാൾ പടുകുഴികളായി മാറുമെന്ന കാര്യത്തിൽ തർക്കമില്ല.

Advertisement