അന്തരിച്ച കെട്ടിടത്തില്‍ വിജയന്‍പിള്ളയുടെ സംസ്കാരം ഇന്ന് വൈകിട്ട് നാലിന്
പടിഞ്ഞാറേകല്ലട. സിനിമാതിയറ്ററും ഓട്ടുകമ്പനിയും നഷ്ടമായപ്പോള്‍ കയ്യൊഴിഞ്ഞു. പിന്നീട് കൃഷിയിലാണ് കെട്ടിടത്തില്‍ വിജയന്‍പിള്ള തിളങ്ങിയത്. അതും ഇസ്രയേലി സാങ്കേതിക വിദ്യയൊക്കെ നാട്ടിലവതരിപ്പിച്ച് ഞെട്ടിക്കുന്ന ആദായം നേടിയായിരുന്നു മുന്നോട്ടുപോയത്.
നാട്ടിലെ ആദ്യ സിനിമാ ടാക്കീസ്, അതിന്‍റെ മുന്നിലെ ചൂളമരത്തണലിലെ സായാഹ്നങ്ങള്‍ ചായയും ഉണ്ണിയപ്പവും പരിപ്പുവടയും സിനിമ തുടങ്ങുന്നതറിയിച്ച് ശരണം ശ്രീ ഗുരുവായൂരപ്പാ എന്ന പാട്ട്, പിന്നീട് പാട്ട് അകത്തേക്കുമാറുമ്പോള്‍ ഓടിക്കയറി ദ്വാരത്തിലൂടെ കയ്യിട്ട് ഒരു റിസര്‍വേഡ് മേടിച്ച് അന്നത്തെ ടെന്‍ഷന്‍ മറക്കാന്‍ ചാരിയിരിക്കുന്നവര്‍ അതൊരുകാലം. കാരാളിമുക്കിന് ആ കാലം പകര്‍ന്നത് കെട്ടിടത്തില്‍ വിജയന്‍പിള്ള.
ശീതകാലപച്ചക്കറി കൃഷിയൊക്കെ കുന്നത്തൂരില്‍ ആദ്യം പരിചയപ്പെടുത്തിയത് വിജയന്‍പിള്ളയാണ്. കാബേജും കോളിഫ്ളവറുമൊക്കെ തറവാട്ടുമുറ്റത്ത് വളര്‍ന്നു കയറി. പുല്ല് കിളിര്‍ക്കാതെ പ്ലാസ്റ്റിക് വിരിക്കുന്നതും കംപ്യൂട്ടര്‍ നിയന്ത്രിത അളവുകലില്‍ വളവും വെല്‌ളവും ചെടിയുടെ ചുവട്ടില്‍ എത്തുന്നതും ഒക്കെ കണ്ട് ജനം അന്തം വിട്ടകാലം.
പശുക്കളെ മെഷീന്‍ ഉപയോഗിച്ച് കറക്കുന്നതും ഒക്കെ മേഖലയില്‍ ആദ്യമായിരുന്നു. കുടുംബവക ഏക്കര്‍ കണക്കിന് ഭൂമിയുണ്ടായിരുന്നു അവിടെ കൊട്ടക്കണക്കിന് വെണ്ടയ്ക്കയും മുളകുമെല്ലാം വിഎഫ്പിസികെ വഴിയും നാട്ടുവിപണിവഴിയും ജനങ്ങളിലെത്തി. കെട്ടിടത്തിലെ പച്ചക്കറിയ്ക്ക് മാര്‍ക്കറ്റ് വേറെയായിരുന്നു.
ഇനി ഫ്‌ളാഷ് ബാക്കിലേക്ക് വിശ്വസിനിമയെ കേരളത്തിന്റെ മണ്ണിലേക്ക് കൂട്ടിക്കൊണ്ടുവന്ന അടൂര്‍ ഗോപാലകൃഷ്ണന്‍ തന്റെ ഒരുപാട് സ്വപ്‌ന് പദധതികള്‍ക്ക് വിജയന്‍പിള്ളയെ കൂട്ടുപിടിച്ചത് കുടുംബബന്ധം കൊണ്ട് മാത്രമായിരുന്നില്ല. എലിപ്പത്തായം കോവൂരിലെ പഴയ നാലുകെട്ടില്‍ കഥയായി വിടര്‍ന്നതും മുഖാമുഖം പുളിക്കമുക്കിലെ മേടയിലെ പാര്‍ട്ടി ആപ്പീസില്‍ ചുരുള്‍ നിവര്‍ന്നതും വിജയന്‍പിള്ളയുടെ സംഘാടന മികവുകൊണ്ടുകൂടിയാണ്.അടൂരും ദിലീപും ഒന്നിച്ച പിന്നെയും തേവലക്കരയിലെത്തിയതും വിജയന്‍പിള്ളയുടെ ലൊക്കേഷന്‍ കണ്ടെത്തല്‍ വഴിയാണ്. സിനിമ രക്തത്തില്‍ അലിഞ്ഞതെങ്കിലും അതിനുവേണ്ടി നാടുവിട്ടുപോകാന്‍ അദ്ദേഹം തയ്യാറായില്ല. നാട്ടിലെത്തുന്ന സിനിമയ്ക്കും സീരിയലുകള്‍ക്കും ആവശ്യപ്പെടുന്ന സംവിധാനം ഒരുക്കി നല്‍കി. തന്റെ തറവാട് വീടുപോലും വിട്ടുകൊടുത്തു.
പടിഞ്ഞാറേകല്ലടയിലെ നല്ലപ്രായം കടന്ന യുവാക്കളുടെ നൊസ്റ്റാള്‍ജിയയായിരുന്നു വിജയന്‍പിള്ളയുടെ എസ് വി ആറും ഓട്ടാപ്പീസുമെന്ന് സമൂഹമാധ്യമപേജുകള്‍ കാട്ടിത്തരുന്നു.
വൃക്കരോഗബാധിതനായി വിശ്രമത്തിലേക്കു തിരിയുംവരെ അദ്ദേഹം നാടിന്റെ മാതൃകാ കര്‍ഷകനായിരുന്നു. പലതലമുറയെ പ്രചോദിപ്പിച്ച വ്യക്ത്വമാണ് ഇന്ന് മണ്ണിലേക്ക് ചേരുന്നത്.