ചക്കുവള്ളി:മഴ ശക്തമായി തുടരുന്നത് ചക്കുവള്ളിയിലെ നവകേരള സദസിന് ഭീഷണിയാകുമോയെന്ന് ആശങ്ക.തിങ്കളാഴ്ച വൈകിട്ട് 6 നാണ് കുന്നത്തൂർ മണ്ഡലത്തിലെ നവകേരള സദസ് ചക്കുവള്ളിയിൽ നടക്കുന്നത്.കൂറ്റൻ പന്തലടക്കം സജ്ജീകരിച്ചിരുന്ന
പരബ്രഹ്മ ക്ഷേത്ര മൈതാനിയിൽ സദസ് നടത്തുന്നത് വിലക്കി കൊണ്ട് ഹൈക്കോടതി വിധി വെള്ളിയാഴ്ച വന്നതോടെയാണ് സംഘാടകർ വെട്ടിലായത്.തുടർന്ന് യുദ്ധകാലാടിസ്ഥാനത്തിൽ മലനട
റോഡിൽ അടഞ്ഞു കിടക്കുന്ന സ്വകാര്യ കശുവണ്ടി ഫാക്ടറി പരിസരത്തേക്ക് വേദി മാറ്റാനുള്ള തീരുമാനമെടുത്തത്.മൂന്ന് പകലും മൂന്ന് രാത്രിയും കൊണ്ട് പരിപാടിക്ക് ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഒരുക്കണം.വെള്ളിയാഴ്ച രാത്രി തന്നെ ഫാക്ടറി പരിസരത്തെ ഒന്നര ഏക്കർ സ്ഥലത്തെ കാട് എട്ട് ജെ.സി ബികൾ ഉപയോഗിച്ച് തെളിച്ചു.ശനിയാഴ്ച തറ ഇളക്കി വൃത്തിയാക്കുകയും പുറത്ത് നിന്ന് ചെമ്മണ്ണ് എത്തിച്ച് മൈതാനം വെടിപ്പാക്കുകയും ചെയ്തു.ബോംബ് സ്ക്വാഡും മറ്റ് വിഭാഗങ്ങളും പരിശോധനയും നടത്തി.
പന്തൽ നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കവേയാണ് വില്ലനായി മഴയെത്തിയത്.മഴ ശക്തമായാൽ നിലവിലെ വേദി ചെളിക്കുണ്ടായി മാറാൻ സാധ്യതയുണ്ട്.ഇത് മുൻകൂട്ടി കണ്ട് മറ്റ് സംവിധാനങ്ങൾ ഒരുക്കിയാലും ഉറയ്ക്കാതെ കിടക്കുന്ന മണ്ണും മൈതാനവും ജനങ്ങളെ വലയ്ക്കുമെന്ന കാര്യത്തിൽ തർക്കമില്ല.തിരുവനന്തപുരം,
കൊല്ലം,പത്തനംതിട്ട ജില്ലകളിൽ ഞായർ,തിങ്കൾ ദിവസങ്ങളിൽ ഓറഞ്ച് അലർട്ടാണ്.തിങ്കളാഴ്ച ഈ ജില്ലകളിലും സംസ്ഥാന വ്യാപകവുമായി കനത്ത മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.