ഉയരുന്നു കരുനാഗപ്പള്ളിയിൽപുതിയ പോലീസ് സ്റ്റേഷൻ കെട്ടിടം;നിർമ്മാണം തുടങ്ങി

പുതിയ കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ കെട്ടിടത്തിനായി നടക്കുന്ന കെട്ടിട നിർമ്മാണം
Advertisement

കരുനാഗപ്പള്ളി . ദേശീയപാത വികസനത്തിന്റെ ഭാഗമായി പൊളിച്ചു മാറ്റപ്പെട്ട കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ കെട്ടിടത്തിന് പകരമായി പുതിയ പോലീസ് സ്റ്റേഷൻ കെട്ടിടം ഉയരും. ഇതിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങി. നിലവിലുള്ള പോലീസ് സ്റ്റേഷന് സമീപം പുതുതായി നിർമ്മിച്ച കൺട്രോൾ സ്റ്റേഷന് തെക്കുഭാഗത്തായാണ് പുതിയ കെട്ടിടത്തിൻ്റെ നിർമ്മാണം ആരംഭിച്ചിരിക്കുന്നത്.

5000 സ്ക്വയർ ഫീറ്റിൽ രണ്ടു നിലകളിലായാണ് പുതിയ സ്റ്റേഷൻ കെട്ടിടം ഉയരുക. പുതിയ കെട്ടിടത്തിന്റെ താഴത്തെ നില പൂർണമായും സ്റ്റേഷൻ ആവശ്യങ്ങൾക്കാണ് വിനിയോഗിക്കുക.സ്റ്റേഷൻ ഹൗസ് ഓഫീസറുടെ കാര്യാലയം, എസ് ഐമാരുടെ ഓഫീസുകൾ, വയർലസ്, കമ്പ്യൂട്ടർ റൂമുകൾ ഉൾപ്പടെയുള്ള സ്റ്റേഷൻ ഓഫീസുകളെല്ലാം ഇവിടെയാകും പ്രവർത്തിക്കുക. ഒന്നാം നിലയിലാണ് എസിപി ഓഫീസും മറ്റു സംവിധാനങ്ങളും ഒരുക്കുക 2.80 കോടി രൂപയാണ് നിർമ്മാണ ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിൽ 50 ലക്ഷം രൂപ അനുവദിച്ചു കഴിഞ്ഞു. കേരള പോലീസ് ഹൗസിംഗ് കൺസ്ട്രക്ഷൻ കോർപ്പറേഷനാണ് നിർമ്മാണ ചുമതല.

കെട്ടിടത്തിന്റെ കോളം വാർപ്പും ഫൗണ്ടേഷൻ നിർമ്മാണവും ഉൾപ്പെടെയുള്ള ജോലികൾ പൂർത്തിയായി. ദേശീയപാത നിർമ്മാണത്തിനായി പൊളിച്ചുമാറ്റിയതിനുശേഷമുള്ള എസിപി ഓഫീസ് കെട്ടിടവും, നിലവിൽ സ്റ്റേഷൻ പ്രവർത്തിച്ചുവരുന്ന ജനമൈത്രി സ്റ്റേഷൻ കെട്ടിടവും തുടർന്നും പോലീസ് സ്റ്റേഷന്റെ ഭാഗമായി പ്രവർത്തിക്കും. കൂടാതെ പുതുതായി നിർമ്മാണം പൂർത്തിയാക്കിയ കൺട്രോൾ പോലീസ് സ്റ്റേഷനും ഉടൻ പ്രവർത്തനം തുടങ്ങും. ഇതോടെ സ്റ്റേഷൻ പ്രവർത്തനങ്ങൾക്ക് വിപുലമായ സൗകര്യങ്ങളാണ് ഉണ്ടാവുക.

ദേശീയപാത വികസനത്തിന്റെ ഭാഗമായി പോലീസ് സ്റ്റേഷൻ്റെ ഒരു ഭാഗം പൊളിച്ചു മാറ്റേണ്ടുന്ന സാഹചര്യം മുൻ എംഎൽഎ ആർ രാമചന്ദ്രൻ മുഖ്യമന്ത്രി പിണറായി വിജയൻ്റ ശ്രദ്ധയിൽ നേരത്തെ തന്നെ പെടുത്തിയിരുന്നു. പൊളിച്ചുമാറ്റുന്ന പോലീസ് സ്റ്റേഷൻ സംവിധാനത്തിന് പകരമായി പുതിയ സ്റ്റേഷൻ കെട്ടിടം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭ ചെയർമാൻ കോട്ടയിൽ രാജു ആഭ്യന്തരവകുപ്പിനും ധനകാര്യ മന്ത്രിക്കും നിവേദനവും നൽകിയിരുന്നു. ഇതേ തുടർന്നാണ് പുതിയ സ്റ്റേഷൻ കെട്ടിടത്തിന് ആവശ്യമായ നടപടികൾ സർക്കാർ വേഗത്തിൽ കൈകൊണ്ട് ആദ്യഘട്ട പണവും അനുവദിച്ചത്.

ചിത്രം: പുതിയ കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ കെട്ടിടത്തിനായി നടക്കുന്ന കെട്ടിട നിർമ്മാണം.