അടുത്ത ദിവസങ്ങളില്‍ രാത്രികാല പോലീസ് പരിശോധന ശക്തമാക്കുന്നു

Advertisement

ക്രിസ്മസ്-പുതുവത്സരാഘോഷങ്ങള്‍ സുരക്ഷിതമാക്കാന്‍ കൊല്ലം സിറ്റി പോലീസ്
പരിധിയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ വിവേക് കുമാര്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി എക്‌സൈസ്, മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ്, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് എന്നീ ഡിപ്പാര്‍ട്ടുമെന്റുകളുമായി സഹകരിച്ച് മദ്യം, മയക്ക്മരുന്ന്, അമിത വേഗം എന്നിവ കണ്ടെത്തുന്നതിന് കരയിലും കടലിലും കായലിലും പരിശോധനകള്‍ സംഘടിപ്പിക്കും.
ഇതിന്റെ ഭാഗമായി ലോഡ്ജുകള്‍, ഹോം സ്റ്റേകള്‍, ഹൗസ് ബോട്ടുകള്‍, ഡി.ജെ പാര്‍ട്ടികള്‍ നടക്കുന്ന സ്ഥലങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് പരിശോധന നടത്തുന്നതിനും പോലീസ് സ്റ്റേഷനുകളില്‍ രാത്രികാല പട്രോളിംഗ് വാഹനങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനും നിര്‍ദ്ദേശം നല്‍കി. അടിയന്തര സന്ദേശങ്ങള്‍ ലഭിക്കുന്ന മുറയ്ക്ക് ഇടപെടീല്‍ നടത്തുന്നതിനായി ക്വിക്ക് റെസ്‌പോണ്‍സ് ടീമിനെ ജില്ലയുടെ വിവിധ ഇടങ്ങളില്‍ വിന്യസിക്കുകയും നിയമ ലംഘനം ഉണ്ടായാല്‍ കര്‍ശനമായി നേരിടുകയും ചെയ്യുമെന്ന് പോലീസ് അറിയിച്ചു.