ക്രിസ്മസ്-പുതുവത്സരാഘോഷം സുരക്ഷിതമാക്കാന്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി കൊല്ലം സിറ്റി പോലീസ്

Advertisement

കൊല്ലം.ക്രിസ്മസ്-പുതുവത്സരാഘോഷങ്ങള്‍ സുരക്ഷിതമാക്കാന്‍ കൊല്ലം സിറ്റി പോലീസ് പരിധിയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ വിവേക് കുമാര്‍ ഐ.പി.എസ് അറിയിച്ചു. ഇതിന്‍റെ ഭാഗമായി എക്സൈസ്, മോട്ടോര്‍വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്‍റ്, മറൈന്‍ എന്‍ഫോഴ്സ്മെന്‍റ് എന്നീ ഡിപ്പാര്‍ട്ടുമെന്‍റുകളുമായി സഹകരിച്ച് മദ്യം, മയക്ക്മരുന്ന്, അമിത വേഗം എന്നിവ കണ്ടെത്തുന്നതിന് കരയിലും കടലിലും കായലിലും പരിശോധനകള്‍ സംഘടിപ്പിക്കും.
ഇതിന്‍റെ ഭാഗമായി ലോഡ്ജുകള്‍, ഹോം സ്റ്റേകള്‍, ഹൗസ് ബോട്ടുകള്‍, ഡി.ജെ പാര്‍ട്ടികള്‍ നടക്കുന്ന സ്ഥലങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് പരിശോധന നടത്തുന്നതിനും പോലീസ് സ്റ്റേഷനുകളില്‍ രാത്രികാല പട്രോളിംഗ് വാഹനങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനും നിര്‍ദ്ദേശം നല്‍കി. അടിയന്തര സന്ദേശങ്ങള്‍ ലഭിക്കുന്ന മുറയ്ക്ക് ഇടപെടീല്‍ നടത്തുന്നതിനായി ക്വിക്ക് റെസ്പോണ്‍സ് ടീമിനെ ജില്ലയുടെ വിവിധ ഇടങ്ങളില്‍ വിന്യസിക്കുകയും നിയമ ലംഘനം ഉണ്ടായാല്‍ കര്‍ശനമായി നേരിടുകയും ചെയ്യും.
റോഡുകളില്‍ അമിത വേഗമുണ്ടാകുന്ന സാഹചര്യം കണക്കിലെടുത്ത് പ്രധാന റോഡുകളിലും ഇടറോഡുകളിലും പട്രോളിംഗ് ഏര്‍പ്പെടുത്തുകയും നിയമ ലംഘനത്തിന് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ കോടതിയില്‍ ഹാജരാക്കുന്നതുമാണ്.
പുതുവത്സരാഘോഷങ്ങളുടെ മറവില്‍ അനഃധികൃതമായി ഉപയോഗിക്കുന്ന മൈക്ക്സെറ്റ് മുതലായ വസ്തുവകകള്‍ പിടിച്ചെടുത്ത് മൈക്ക് ഓപ്പറേറ്റര്‍ അടക്കമുളളവര്‍ക്കെതിരെയും, ബീച്ചുകള്‍ വിനോദകേന്ദ്രങ്ങള്‍ മറ്റ് പെതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്ന രാത്രികാല നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെയും അറസ്റ്റ് അടക്കമുളള കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കുന്നതാണ്.
സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് വരുന്ന സ്ഥിരം കുറ്റവാളികള്‍ക്കെതിരെ കരുതല്‍ തടങ്കല്‍ ഉള്‍പ്പെടെയുളള നടപടികള്‍ സ്വീകരിക്കുന്നതും ഇവരുടെ സാന്നിധ്യം ഉണ്ടാവാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ പ്രത്യേക പട്രോളിംഗ് ഏര്‍പ്പെടുത്തുന്നതുമാണ്. സ്ഥിരം കുറ്റവാളികള്‍ക്കെതിരെ സബ്ബ് ഡിവിഷണല്‍ കോടതിയില്‍ റിപ്പോര്‍ട്ടുകള്‍ നല്‍കിയിട്ടുളളതാണ്, ഇതിന്‍ പ്രകാരം ഏര്‍പ്പെടുത്തിയിരിക്കുന്ന ബോണ്ട് ലംഘിക്കുന്നവരെ ജയിലിലടയ്ക്കുന്നതുമാണ്.
ആഘോഷങ്ങള്‍ അതിര്വിട്ട് അക്രമങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതിനും, നഗരത്തില്‍ ലഹരി ഉപയോഗവും വില്‍പ്പനയും തടയുന്നതിന് ഡാന്‍സാഫിന്‍റെയും മഫ്തി പോലീസിന്‍റെയും നേതൃത്വത്തില്‍ കര്‍ശന പരിശോധന നടത്തുന്നതിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പൊതുജനങ്ങള്‍ പോലീസ് ഏര്‍പ്പെടുത്തുന്ന സുരക്ഷാ ക്രമീകരണങ്ങളോട് പൂര്‍ണ്ണമായി സഹകരിക്കണമെന്നും നിയമ ലംഘനങ്ങളെ സംബന്ധിച്ചുളള വിവരങ്ങള്‍ പോലീസിന്‍റെ 1090, 112, 04742742265, എന്നീ നമ്പരുകളില്‍ അറിയിക്കാമെന്നും സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.

Advertisement