കരുനാഗപ്പള്ളിയിൽ നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ വന്‍ വേട്ട; പ്രതികള്‍ പിടിയിൽ

Advertisement


കരുനാഗപ്പള്ളിയിലും പരിസര പ്രദേശങ്ങളിലും മറ്റും വില്‍പ്പനക്കായി കടത്തികൊണ്ട് വന്ന നിരോധിത പുകയില ഉല്‍പ്പനങ്ങളുടെ വന്‍ ശേഖരവുമായി യുവാക്കള്‍ പോലീസ് പിടിയിലായി. തഴവ, കുളങ്ങരശേരി കിഴക്കതില്‍ മുഹമ്മദ് നാസിം(27), തഴവ, കാട്ടയ്യത്ത് കിഴക്കതില്‍ നജീം (29) എന്നിവരാണ് കരുനാഗപ്പള്ളി പോലീസിന്‍റെ പിടിയിലായത്. ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ജില്ലയില്‍ ലഹരി ഉപയോഗവും വിതരണവും തടയുന്നതിനായി കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ വിവേക് കുമാര്‍ ഐ.പി.എസ് ന്‍റെ നിര്‍ദ്ദേശപ്രകാരം കരുനാഗപ്പള്ളി പോലീസ് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. കഴിഞ്ഞ ദിവസം കരുനാഗപ്പള്ളി ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന പെട്രോള്‍ പമ്പിന് സമീപത്ത് നിന്നും 14 ചാക്കുകളിലായി കാറിനുള്ളില്‍ കടത്തിക്കൊണ്ട് വന്ന 8657 പാക്കറ്റ് വിവിധ ഇനങ്ങളില്‍ പെടുന്ന നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി പ്രതികള്‍ പിടിയിലാവുകയായിരുന്നു. പുകയില ഉല്‍പ്പന്നങ്ങള്‍ കടത്താന്‍ ഉപയോഗിച്ച കാറും പോലീസ് പിടിച്ചെടുത്തു. ഏകദേശം മൂന്ന് ലക്ഷത്തോളം രൂപ വില വരുന്ന പുകയില ഉല്‍പന്നങ്ങളാണ് പിടികൂടിയത്. കുട്ടികള്‍ക്കും യൗവ്വനക്കാര്‍ക്കും മറ്റ് ചെറുകിട കച്ചവടക്കാര്‍ക്കും വില്‍പ്പന നടത്തി അമിത ലാഭം ഉണ്ടാക്കുന്നതിന് വേണ്ടിയാണ് അന്യസംസ്ഥാനങ്ങളില്‍ നിന്നും കൂടിയ അളവില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ വാങ്ങി ജില്ലയിലേക്ക് എത്തിക്കുന്നതെന്ന് പ്രതികള്‍ പറഞ്ഞു. പിടയിലായ മുഹമ്മദ് നാസിമിനെതിരെ പീരുമേട് പോലീസ് സ്റ്റേഷനില്‍ വധശ്രമത്തിന് കേസ് നിലവിലുണ്ട്. ഈ കേസില്‍ ഉള്‍പ്പെട്ട് ഒളിവില്‍ കഴിഞ്ഞ് വരുന്നതിനിടയിലാണ് ഇയാള്‍ കരുനാഗപ്പള്ളിയില്‍ പിടിയിലാവുന്നത്. ഇയാളെ പീരുമേട് പോലീസ് എത്തി കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കരുനാഗപ്പള്ളി ഇന്‍സ്സെപക്ടര്‍ ബിജു.വി യുടെ നേതൃത്വത്തില്‍ എസ്.ഐ ഷെമീര്‍, എസ്.സി.പി.ഒ മാരായ ഹാഷിം, രാജീവ് കുമാര്‍, മനുലാല്‍, സി.പി.ഓ റഫീക്ക് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

Advertisement