യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പിടിയില്‍

Advertisement

കൊല്ലം: മുന്‍വിരോധത്താല്‍ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പിടിയില്‍. ശക്തികുളങ്ങര കന്നിമേല്‍ച്ചേരി പണ്ടാരഴികത്ത് പടിഞ്ഞാറ്റതില്‍ മുജീബ്(31) ആണ് ശക്തികുളങ്ങര പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം മുജീബ് അടക്കമുള്ള പ്രതികള്‍ മുലങ്കര ജനതാ പ്രസിന് സമീപം വച്ച് പരാതിക്കാരനായ ജോബിനെ ആക്രമിക്കുകയായിരുന്നു.
ജോബിന്റെ ഭാര്യവീട്ടിലേക്ക് പ്രതികള്‍ കല്ലെറിഞ്ഞത് ചോദ്യംചെയ്യാന്‍ ജോബിന്‍ വന്നതാണെന്നു കരുതിയാണ് പ്രതികള്‍ ആക്രമണം നടത്തിയത്. കാറ്റാടി കമ്പ്‌കൊണ്ടും പട്ടിക കഷ്ണം കൊണ്ടുമുള്ള ആക്രമത്തില്‍ ജോബിന് തലയില്‍ പരിക്കേല്‍ക്കുകയും മുഖത്തെ അസ്ഥിക്ക് പൊട്ടലേല്‍ക്കുകയും ചെയ്തു. ശക്തികുളങ്ങര എസ്എച്ച്ഒ അനൂപിന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ ആശാ, ഹുസൈന്‍ എസ്‌സിപിഓമാരായ അബുതാഹിര്‍, സിദിഷ്, ശ്രീകാന്ത് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.