പഞ്ചായത്ത് പ്രസിഡന്റുമായി അഭിപ്രായഭിന്നത;രാജി വയ്ക്കാനൊരുങ്ങി പോരുവഴിയിലെ കോൺഗ്രസ് – യൂത്ത് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും

Advertisement



ഇടയ്ക്കാട്: പോരുവഴി പഞ്ചായത്ത് പ്രസിഡന്റുമായുള്ള അഭിപ്രായഭിന്നതയെ തുടർന്ന് പോരുവഴി കിഴക്ക് മണ്ഡലം കമ്മിറ്റിയിലെ ഇടയ്ക്കാട് മേഖലയിൽ
കോൺഗ്രസ് – യൂത്ത് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും കൂട്ടത്തോടെ രാജി വയ്ക്കാനൊരുങ്ങുന്നു.
അസംഘിടിത തൊഴിലാളി കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് സ്‌റ്റാൻലി അലക്സ്,യൂത്ത് കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി നിധിൻ പ്രകാശ്,മണ്ഡലം വൈസ് പ്രസിഡന്റ് രതീഷ് ഇടയ്ക്കാട്,വാർഡ് വൈസ് പ്രസിഡന്റ് രാധാകൃഷ്ണൻ എന്നിവരും അൻപതോളം പ്രവർത്തകരുമാണ് രാജി സന്നദ്ധത അറിയിച്ച് രംഗത്തെത്തിയത്.കുന്നത്തൂർ – കരുനാഗപ്പള്ളി സംയോജിത കുടിവെള്ള പദ്ധതിയുടെ പ്രവർത്തനങ്ങൾ പോരുവഴി
പഞ്ചായത്തിൽ ആരംഭിച്ചിരുന്നു.ഇതിന്റെ ഭാഗമായി
ഇടയ്ക്കാട് ജംഗ്ഷനിൽ പോസ്റ്റ് ഓഫീസിന്റെയും വായനശാലയുടെയും മുൻഭാഗത്ത് അണ്ടർ ഗ്രൗണ്ട് വാട്ടർ ടാങ്ക് സ്ഥാപിക്കലും അനുബന്ധ പ്രവർത്തികളും ആരംഭിച്ചതാണ് പ്രശ്നങ്ങളിലേക്ക് നയിച്ചത്.ജംഗ്ഷനിൽ തണൽ വിരിച്ചു നിന്നിരുന്ന ആൽമരവും പ്രദേശവാസികളുടെ ഇരിപ്പിടമായ ആൽത്തറയും നീക്കം ചെയ്യാനുള്ള ശ്രമത്തെ
എതിർത്തുകൊണ്ട് കോൺഗ്രസ് – യൂത്ത് കോൺഗ്രസ് നേതാക്കൾ രംഗത്തെത്തുകയും പഞ്ചായത്ത് പ്രസിഡന്റിനും പഞ്ചായത്ത് അധികൃതർക്കും പരാതി നൽകുകയും ചെയ്തു.എന്നാൽ ഇത് അവഗണിച്ചു കൊണ്ട് പഞ്ചായത്ത് മുന്നോട്ട് പോകുകയും മരം പിഴുത് മാറ്റുകയും ചെയ്തു.പദ്ധതിക്കായി ഇടയ്ക്കാട് തന്നെ മറ്റൊരു ഭൂമി ചൂണ്ടിക്കാട്ടിയെങ്കിലും പ്രസിഡന്റ് കടുംപിടുത്തം തുടർന്നതാായി നേതാക്കൾ പറയുന്നു.തുടർന്ന് ഇവർ കോൺഗ്രസിന്റെ കൊടി നാട്ടി.എന്നാൽ കൊടി അവിടെ നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് ഡിസിസി പ്രസിഡന്റ് അടക്കമുള്ള മുതിർന്ന നേതാക്കൾ രംഗത്ത് എത്തിയതോടെ ആണ് പ്രശ്നം കൂടുതൽ സങ്കീർണമാക്കിയത്.കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിന്ശേഷം കോൺഗ്രസിന്റെ എതിർപ്പ് അവഗണിച്ച് എസ്ഡിപിഐയുടെ പിന്തുണയോടെ പ്രസിഡന്റ് പദവിയിെലെത്തിയ ബിനുമംഗലത്തിനെ പാർട്ടിയിൽ നിന്നുും പുറത്താക്കിയിരുന്നു.കോൺഗ്രസിൽ നിന്നും പുറത്താക്കിയെങ്കിലും ഇദ്ദേഹം പാർട്ടി പരിപാടികളിലെല്ലാം സജീവമായി പങ്കെടുക്കാറുമുണ്ട്. മുതീർന്ന നേതാക്കളുടെ പിന്തുണ ലഭിക്കുന്നതിനാൽ പ്രാാദേശിക നേതാക്കളുടെ അഭിപ്രായങ്ങൾക്ക് വില
കൊടുക്കാറില്ലത്രേ.തങ്ങളുടെ ആവശ്യം പരിഗണിക്കാതെ മുന്നോട്ട് പോയതിനാലാണ് പാർട്ടി കൊടി നാട്ടിയതെന്നും എന്നാൽ പാർട്ടി പുറത്താക്കിയ പ്രസിഡന്റിന് പിന്തുണയുമായി മുതിർന്ന നേതാക്കൾ തന്നെ രംഗത്ത് എത്തിയത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നും ഇത് അംഗീകരിക്കാൻ കഴിയാത്തതിനാലാണ് രാജിയുമായി മുന്നോട്ട് പോകുന്നതെന്നും നേതാക്കൾ പറഞ്ഞു.

Advertisement