മാരകായുധങ്ങളുമായി ആക്രമണം; പ്രതികള്‍ പിടിയില്‍

Advertisement

കരുനാഗപ്പള്ളി: മാരകായുധങ്ങളുമായി ആക്രമണം നടത്തിയ പ്രതികള്‍ കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായി. പാവുമ്പ, കാളിയമ്പലം, കുട്ടത്തേത് വടക്കതില്‍, ബിനു എന്ന തബൂക്ക് (26), പാവുമ്പ, ചെറുവേലി കിഴക്കതില്‍, ശ്രീക്കുട്ടന്‍ (24), പാവുമ്പ, മണപ്പള്ളി തെക്ക്, പുത്തരേത്ത് തെക്കതില്‍ രാജേഷ് (24) എന്നിവരാണ് പിടിയിലായത്. പാവുമ്പ സ്വദേശിയായ അനില്‍ കുമാറിനെയാണ് ഇവര്‍ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചത്.
മലയടക്കുറ്റി ക്ഷേത്രത്തിലെ ചിറപ്പിനോട് അനുബന്ധിച്ച് ബുധനാഴ്ച രാത്രി നടത്തിയ നാടന്‍പാട്ടിനിടയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ പ്രതികള്‍ക്ക് മര്‍ദ്ദനം ഏറ്റിരുന്നു. അനില്‍ കുമാറും, പ്രതികളെ മര്‍ദ്ദിച്ച സംഘത്തില്‍ ഉള്‍പ്പെട്ട ആളാണെന്ന് തെറ്റിദ്ധരിച്ചാണ് പ്രതികള്‍ ആക്രമണം നടത്തിയത്.
സ്‌കൂട്ടറില്‍ വരുകയായിരുന്ന അനില്‍കുമാറിനെ കമ്പിവടിയും തടിക്കഷ്ണങ്ങളും ഉപയോഗിച്ച് അടിച്ച് താഴെയിട്ട ശേഷം മാരകമായി മര്‍ദ്ദിച്ച് അവശനാക്കുകയായിരുന്നു. കൂടാതെ അനില്‍കുമാറിന്റെ സ്‌കൂട്ടറും പ്രതികള്‍ അടിച്ച് തകര്‍ത്തു. കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.