പവര്‍ ബൈക്കുകളില്‍ ചീറിപ്പാഞ്ഞ് ഫ്രീക്കന്മാര്‍; കണ്ണടച്ച് അധികൃതര്‍

Advertisement

ശാസ്താംകോട്ട: പവര്‍ ബൈക്കുകളില്‍ കാതടിപ്പിക്കുന്ന ശബ്ദവുമായി നിരത്തുകളിലൂടെ ചീറിപ്പായുന്ന ഫ്രീക്കന്മാര്‍ ഭീഷണിയാകുന്നു. നിരവധി യുവാക്കളാണ് നിരത്തിലൂടെ മറ്റു യാത്രക്കാരെ ഞെട്ടിച്ചും അപകട സാധ്യത വര്‍ധിപ്പിച്ചും പായുന്നത്. രാവിലെയും വൈകിട്ടും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പോകുന്നവരാണ് ചീറിപ്പായുന്നവരില്‍ ഏറെയുമെന്നാണ് കണ്ടെത്തല്‍.
കാതടിപ്പിക്കുന്ന ശബ്ദവും നടുക്കമുണ്ടാക്കുന്ന വേഗവുമായി പായുന്ന പലരുടെയും വാഹനത്തിന് മതിയായ രേഖകളില്ല. നമ്പര്‍ പോലും പ്രദര്‍ശിപ്പിക്കാത്ത വാഹനങ്ങളാണ് ഏറെയും. പലപ്പോഴും ഇത്തരക്കാര്‍ വരുത്തി വയ്ക്കുന്ന അപകടങ്ങള്‍ ചെറുതല്ല. കാല്‍നട യാത്രക്കാരും നിയമലംഘനം കാട്ടാതെ പോകുന്ന മറ്റ് ഇരുചക്ര വാഹനയാത്രികരുമാണ് ഇവരുടെ ഇരകള്‍. അടുത്തിടെ ഭരണിക്കാവില്‍ ഫ്രീക്കന്മാരുടെ ബൈക്കുകള്‍ കൂട്ടിയിടിച്ച് 2 പേര്‍ക്ക് ഗുരുതര പരിക്കേറ്റിരുന്നു. കൊട്ടാരക്കര പ്രധാന പാതയില്‍ സിനിമാപറമ്പ് പൈപ്പ്മുക്കിനു സമീപം ചീറി പാഞ്ഞെത്തിയ ബൈക്ക് കാറില്‍ ഇടിച്ച ശേഷം സ്വകാര്യ ബസിനടിയില്‍പ്പെട്ട് കുന്നത്തൂര്‍ സ്വദേശിയായ പ്രതുല്‍(23) മരിച്ചത് ആഴ്ചകള്‍ക്ക് മുമ്പാണ്.
പവര്‍ ബൈക്കുകളില്‍ ചീറിപായുന്നതിനൊപ്പം യുവാക്കളുടെ ലഹരി ഉപയോഗവും അപകടങ്ങള്‍ക്ക് കാരണമാകുന്നു. ഇത്തരക്കാര്‍ക്കെതിരെ വ്യാപകമായ പരാതിയാണ് പലയിടത്തു നിന്നും ഉയരുന്നത്. പിടികൂടിയാല്‍ അയ്യായിരത്തിലേറെ രൂപയുടെ വരെ നിയമലംഘനങ്ങളാണ് പലര്‍ക്കുമുള്ളത്. പ്രധാന പാതകളായ ശാസ്താംകോട്ട -കാരാളിമുക്ക്, മൈനാഗപ്പള്ളി-ശാസ്താംകോട്ട, ചക്കുവള്ളി- ഭരണിക്കാവ്, ഭരണിക്കാവ് – കൊട്ടാരക്കര റോഡുകളിലാണ് ശല്യക്കാര്‍ കൂടുതലായുമുള്ളത്. അതിനിടെ കുന്നത്തൂര്‍ താലൂക്കിലെ വിവിധ നിരത്തുകളില്‍ രൂപമാറ്റം വരുത്തിയതും അല്ലാത്തുമായ പവര്‍ ബൈക്കുകളില്‍ പരക്കം പായുന്നവരെ ട്രാക്ക് ചെയ്യാന്‍ മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.