ശാസ്താംകോട്ട : കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ കോളനികൾ സന്ദർശിച്ച് ജനങ്ങളുടെ പരാതികൾ നേരിട്ട് സ്വീകരിക്കുന്ന പദ്ധതിക്ക് തുടക്കമായി.ശാസ്താംകോട്ട പഞ്ചായത്തിലെ മുതുപിലാക്കാട് അംബേദ്കർ ഗ്രാമത്തിലാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്.മദ്യപാനം മൂലം ഉണ്ടാകുന്ന കുടുംബ കലഹങ്ങൾ,മദ്യത്തിന്റെ അമിത ഉപയോഗം,രാത്രികാലങ്ങളിൽ ഇരുചക്ര വാഹനങ്ങളുടെ മത്സര പാച്ചിൽ തുടങ്ങി നിരവധി പരാതികൾ ഉയർന്നു.ലഭിക്കുന്ന പരാതികൾക്ക് വേഗത്തിൽ പരിഹാരം കാണുക പ്രധാന ലക്ഷ്യമാണ്.ഗ്രാമവാസികളും കുട്ടികളും സ്ത്രീകളും അടക്കം നിരവധി പേരിൽ നിന്നും പരാതികൾ സ്വീകരിച്ച് റൂറൽ എസ്.പി സാബു മാത്യു പദ്ധതി ഉദ്ഘാടനം ചെയ്തു.പൊലീസും ജനങ്ങളും ഒന്നിച്ച് പ്രവർത്തിച്ചാൽ വർദ്ധിച്ചു വരുന്ന കുറ്റകൃത്യങ്ങൾ ഇല്ലാതാക്കാമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.ശാസ്താംകോട്ട സി.ഐ ശ്രീജിത്ത് അധ്യക്ഷത വഹിച്ചു.വാർഡംഗം ഉഷാകുമാരി ,എസ്.ഐ കൊച്ചു കോശി,ലഹരിമുക്ത ഗ്രാമം കോഡിനേറ്റർ എസ്.ദിലീപ് കുമാർ,കുടുംബശ്രീ പ്രവർത്തകരായ അംബിക,ജയശ്രീ,ലളിതകുമാരി എന്നിവർ സംസാരിച്ചു.