കോവൂര്‍ ഭാഗത്തുനിന്നും ശാസ്താംകോട്ട റെയില്‍വേസ്റ്റേഷനിലേക്ക് എത്തുന്ന റോഡ് തരിപ്പണമായി

Advertisement

മൈനാഗപ്പള്ളി. കോവൂര്‍ ഭാഗത്തുനിന്നും ശാസ്താംകോട്ട റെയില്‍വേസ്റ്റേഷനിലേക്ക് എത്തുന്ന റോഡ് അവഗണനയില്‍. തോപ്പില്‍മുക്കില്‍ നിന്നും ജയന്തികോളനിവഴി വെട്ടിക്കാട്ട് പാടത്തിലൂടെ സ്റ്റേഷന് തെക്കുഭാഗത്ത് എത്തുന്ന റോഡ് വികസിച്ചാല്‍ യാത്രക്കാര്‍ക്ക് ചെറുതല്ലഗുണം. ഈ ഭാഗത്തുള്ളവര്‍ക്ക് കാരാളിമുക്ക് വഴി ചുറ്റിക്കറങ്ങാതെ അരിനല്ലൂര്‍ ഭാഗത്തേക്ക് എത്താം. ഇതുവഴി ധാരാളം യാത്രക്കാരാണ് സ്റ്റേഷനിലേക്ക് എത്തുന്നത്. വന്‍ സാധ്യതയാകുമെന്ന കാട്ടി കുറേഭാഗം ടാര്‍ ചെയ്ത റോഡ് ഇന്ന് തകര്‍ന്ന് യാത്രക്കാര്‍ക്ക് പേടിസ്വപ്നമാണ്. മഴക്കാലത്താണ് ഭീകരാവസ്ഥ.

കോളനിഭാഗത്ത് റോഡില്ല, യാത്രക്കാര്‍ ഓട്ടോവിളിച്ചാല്‍ വരില്ലെന്നതാണ് നില ഈ റോഡിനെ സ്റ്റേഷന്‍റെ വടക്കുഭാഗത്തെ റോഡുമായി അടിപ്പാതവഴി ബന്ധിപ്പിക്കാനുള്ള ഒരു സാധ്യതയുണ്ട്. അങ്ങനെയായാല്‍ മേഖലയ്ക്ക് വന്‍ വികസനമാകും ഉണ്ടാവുക.

പഞ്ചായത്ത് ശ്രദ്ധവച്ചാല്‍ തോപ്പില്‍മുക്ക് സ്റ്റേഷന്‍ റോഡ് നന്നാക്കി ജനങ്ങള്‍ക്ക് ഉപകരിക്കുമാറാക്കാവുന്നതേയുള്ളു.