കൊല്ലം: സ്കൂട്ടറില്‍ കറങ്ങി മാല മോഷണം നടത്തിയ ദമ്പതികളെ പോലീസ് പിടികൂ
ടി. കുപ്പണ, വയലില്‍ വീട്ടില്‍ ജീവന്(20), ഇയാളുടെ ഭാര്യയായ തൃക്കടവൂര്‍, കുരീപ്പുഴ, ലത ഭവനില്‍ അഞ്ജന(18) എന്നിവരാണ് ശക്തികുളങ്ങര പോലീസിന്റെ പിടിയിലായത്. വെള്ളിയാഴ്ച രാത്രിയില്‍ കാവനാട്-കുരീപ്പുഴ പാലത്തിലൂടെ സ്കൂട്ടറില്‍ വരികയായിരുന്ന തേവലക്കര സ്വദേശിനിയായ അമ്മുവിന്റെ ഒരു പവന് തൂക്കം വരുന്ന സ്വര്‍ണ്ണ താലി അടങ്ങിയ മാലയാണ് ഇവര്‍ പൊട്ടിച്ചെടുത്തത്. സ്കൂട്ടറില്‍ അമ്മുവിന്റെ വാഹനത്തിന് സമീപം എത്തിയ പ്രതികള്‍ കഴുത്തില്‍ കിടന്ന മാല പൊട്ടിച്ചെടുത്ത ശേഷം അമ്മുവിനെ വാഹനത്തില്‍ നിന്നും തള്ളി താഴെ ഇട്ട് രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് ശക്തികുളങ്ങര പോലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം പോലീസ് നടത്തിയ ഊര്‍ജ്ജിതമായി അന്വേഷണമാണ് പ്രതികളെ ഉടന്‍ കണ്ടെത്താന്‍ ഇടയാക്കിയത്.
അമ്മുവില്‍ നിന്ന് ലഭിച്ച വിവരങ്ങളുടേയും സിസിടിവി ദൃശ്യങ്ങളുടേയും അടിസ്ഥാനത്തില്‍ ശക്തികുളങ്ങര പോലീസ് പ്രതികളെ അഞ്ചാലുംമൂട് കരുവയിലുള്ള ഇവരുടെ വീട്ടില്‍ നിന്നും കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ശക്തികുളങ്ങര ഇന്‍സ്പെക്ടര്‍ അനൂപിന്റെ നേതൃത്വത്തില്‍ എസ്ഐമാരായ ആശ, അനില്‍, എഎസ്ഐ ജയകുമാരി, എസ്സിപിഒ അബുതാഹിര്‍, സിപിഒ അനില്‍കുമാര്‍ അഞ്ചാലുംമൂട് എസ്ഐ ഗിരീഷ്, എസ്സിപിഒ മഹേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.