കരുനാഗപ്പള്ളി :വീടിനകത്ത് സഹോദരിയുമായി കളിച്ചുകൊണ്ടിരുന്ന ഏഴ് വയസ്സുകാരനും വലിയച്ഛനും പേപ്പട്ടി കടിയേറ്റ്,
കടിയേറ്റ ഇരുവരെയും മാരകപരക്കുകളോടെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തഴവാ കടത്തൂർ കോട്ടുകര വീട്ടിൽ ഉണ്ണിയുടെ ഏഴു വയസ്സുള്ള മകൻ അശ്വിനും , വലിയച്ഛൻ അനിക്കും നേരെയാണ് പട്ടിയുടെ ക്രൂരമായ ആക്രമണം ഉണ്ടായിരിക്കുന്നത്. തിങ്കളാഴ്ച രാവിലെ 9 30 ന് സഹോദരിയുമൊത്ത് വീട്ടിലിരുന്ന് കളിച്ചുകൊണ്ടിരുന്ന കുട്ടിക്ക് നേരെ അപ്രതീക്ഷിതമായി എവിടെനിന്നോ ഓടിയെത്തിയ തെരുവുനായ് വീടിനകത്ത് കയറി ആക്രമിക്കുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ വലിയച്ഛൻ കുട്ടിയെ നിലത്തിട്ട് പട്ടി കടിക്കുന്ന കാഴ്ചയാണ് കണ്ടത് . ഈ സമയം ഇളയ കുട്ടിയായ സഹോദരിയും വീടിനകത്ത് ഉണ്ടായിരുന്നു ധൈര്യം കൈവിടാതെ വലിയച്ഛൻ അനി കയ്യിൽ കിട്ടിയ വിറക് കഷണവുമായി പട്ടിയെ നേരിടുകയും ഏറെനേരം പട്ടിയെ പ്രതിരോധിച്ച് ഒടുവിൽ സാഹസികമായി പട്ടിയെ കീഴ്പ്പെടുത്തുകയായിരുന്നു. ഇതിനിടെ അനിക്ക് മൂന്ന് കടിയും, കുട്ടിക്ക് തലയ്ക്കും, വയറിനും, കയ്യിലുമായിആഴത്തിലുള്ള എഴ് കടിയുമാണ് ഏറ്റിരിക്കുന്നത്. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ ഇരുവരെയും കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാരകമായ കടിയേറ്റ കുട്ടിയെ പ്രാഥമിക ശുശ്രൂഷ നൽകി
തീവ്രപരിചരണത്തിൽ നിരീക്ഷണ വിധേയമാക്കിയിരിക്കുകയാണ്. നേഴ്സായ അമ്മ ലിജിയും അച്ഛനും സംഭവം നടക്കുമ്പോൾ വീട്ടിൽ ഇല്ലായിരുന്നു ഇരുവരും രാവിലെ ജോലിക്കായി പോയ സമയത്താണ് പേപ്പട്ടി ആക്രമണം ഉണ്ടാകുന്നത്.
വലിയച്ഛന്റെ അവസരോചിതമായ ഇടപെടൽ ഒന്നുകൊണ്ട് മാത്രമാണ് അശ്വിനും ഒപ്പമുണ്ടായിരുന്ന സഹോദരിയും രക്ഷപ്പെട്ടത്. കരുനാഗപ്പള്ളിയിൽ വ്യാപകമായി തെരുവിനായ്ക്കളുടെ ശല്യം തുടർക്കഥയാകുമ്പോഴും ആവശ്യമായ നടപടികൾ സ്വീകരിക്കാത്ത അധികാരികളുടെ നടപടിയിൽ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.