കൊല്ലം: മുന്‍ വിരോധത്താല്‍ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി പിടിയിലായി. മനയില്‍ കുളങ്ങര, കാവയ്യത്ത് തെക്കതില്‍, ശ്രീലാല്‍ (34) ആണ് ശക്തികുളങ്ങര പോലീസിന്റെ പിടിയിലായത്.
കൊല്ലം വെസ്റ്റ്, ചെറുകുളം സ്വദേശിയായ ജോബിനെയാണ് മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചത്. ഡിസംബര്‍ 22ന് വൈകുന്നേരം ശ്രീലാല്‍, മോഹന്‍ദാസ്, മുജീബ് എന്നിവര്‍ മൂലങ്കര ജനതാപ്രസിന് സമീപം വച്ച് കാറില്‍ വരികയായിരുന്ന ജോബിനെ തടഞ്ഞ് നിര്‍ത്തി ആക്രമിക്കുകയായിരുന്നു. ജോബിന്റെ ഭാര്യവീട്ടിലേക്ക് പ്രതികള്‍ കല്ലെറിഞ്ഞത് ചോദ്യം ചെയ്യാന്‍ ഇയാള്‍ വന്നതാണെന്ന് കരുതിയാണ് പ്രതികള്‍ ആക്രമണം നടത്തിയത്.
കാറ്റാടി കമ്പ്കൊണ്ടും തടിക്കഷ്ണം കൊണ്ടുമുള്ള ആക്രമത്തില്‍ ജോബിന് തലയില്‍ പരിക്കേല്‍ക്കുകയും മുഖത്തെ അസ്ഥിക്ക് പൊട്ടലേല്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് പോലീസില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതികളായ മോഹന്‍ദാസിനേയും മുജീബിനേയും പോലീസ് പിടികൂടിയിരുന്നു. ശക്തികുളങ്ങര എസ്എച്ച്ഒ, അനൂപിന്റെ നേതൃത്വത്തിലുള്ള എസ്ഐ വിനോദ്, അനില്‍ സിപിഒ അനില്‍ എന്നിവരടങ്ങിയ പോലീസ് സംഘമാണ് മുഖ്യപ്രതിയായ ശ്രീലാലിനെ അറസ്റ്റ് ചെയ്തത്. ഇയാള്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്.