കൊല്ലം-ചെങ്കോട്ട പാതയില്‍ ട്രെയിനുകളുടെ കോച്ചുകള്‍ വര്‍ധിപ്പിക്കാനുള്ള ട്രയല്‍ റണ്‍ ആരംഭിച്ചു

Advertisement

ചെന്നൈയില്‍ നിന്ന് പുനലൂര്‍ വഴി കൊല്ലത്തിന് എത്തുന്ന ട്രെയിനുകളില്‍ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനുള്ള ട്രയല്‍ റണ്‍ ആരംഭിച്ചു. ചെങ്കോട്ട-കൊല്ലം പാതയിലാണ് ട്രയല്‍ റണ്‍ നടക്കുന്നത്. ഇന്നലെ ഒറ്റക്കല്‍-ഇടമണ്‍ പാതയിലാണ് പരീക്ഷയോട്ടം നടത്തിയത്. പരീക്ഷണയോട്ടം വിജയകരമാണെന്നാണ് റെയില്‍വേയില്‍ നിന്ന് ലഭിക്കുന്ന വിവരം.
ഇരു ദിശകളിലേക്കും സര്‍വീസ് നടത്തി. ഇന്നും ട്രയല്‍ റണ്‍ തുടരും. 22 എല്‍എച്ച്ബി കോച്ചുകളും മുമ്പിലും പിന്നിലും എന്‍ജിനുകളുമുള്ള വണ്ടിയാണ് പരീക്ഷണ ഓട്ടം നടത്തുന്നത്. റിസര്‍ച്ച് ഡിസൈന്‍ ആന്‍ഡ് സ്റ്റാന്‍ഡാര്‍ഡ് ഓര്‍ഗനൈസേഷനിലെ ലക്നൗവില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് പരീക്ഷണ ഓട്ടത്തിന് നേതൃത്വം നല്‍കുന്നത്. കോച്ചുകളില്‍ അനുവദനീയമായ യാത്രക്കാരുടെ എണ്ണത്തിന്റെ ഭാരത്തിന് ആനുപാതികമായി മണല്‍ച്ചാക്കുകള്‍ നിറച്ചാണ് ട്രയല്‍ റണ്‍. റെയില്‍വേയുടെ മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഓപറേറ്റിങ്, ടെലികമ്യൂണിക്കേഷന്‍സ്, സിഗ്‌നലിങ് വിഭാഗങ്ങളിലെ സാങ്കേതിക വിദഗ്ധര്‍ പരീക്ഷണ ട്രെയിനിലുണ്ടായിരുന്നു.
പശ്ചിമഘട്ടത്തിന്റെ ഭാഗമായുള്ള ഈ പാതയില്‍ 14 കോച്ചുകളുള്ള ട്രെയിനുകളാണ് നിലവില്‍ സര്‍വീസ് നടത്തുന്നത്. കോച്ചുകളുടെ എണ്ണം 24 ആയി ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് പരീക്ഷണ ഓട്ടം.

Advertisement