കൊട്ടാരക്കര: കഥകളിയുടെ ഇതിഹാസം കൊട്ടാരക്കര ഭദ്ര ഇനി ഓര്‍മകളിലേക്ക് മായുമ്പോഴും അരങ്ങില്‍ ആടിയ പഞ്ചാലിയും, സതിയും കഥകളി സ്‌നേഹികള്‍ക്ക് മറക്കാനാവില്ല. കൊട്ടാരക്കര ഭദ്രയുടെ വിയോഗം കഥകളി രംഗത്തും കലാരംഗത്തും തീരാ നഷ്ടമാണ്. കൊട്ടാരക്കര കഥകളി എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ആസ്വാദകരില്‍ ഓര്‍മ്മ വരുന്ന പേരുകള്‍ കൊട്ടാരക്കര ഭദ്ര, കൊട്ടാരക്കര ഗംഗ എന്നാണ്. ആയിരത്തോളം വേദികളില്‍ കൊട്ടാരക്കര ഗംഗ ദുശാസനനായും ഭദ്ര പാഞ്ചാലിയായും തകര്‍ത്താടിയ രംഗങ്ങള്‍ ഇന്നും വിസ്മയകരമാണ്. ദുര്യോധന വധത്തിലെ പാഞ്ചാലിക്ക് ഏറ്റവും കൂടുതല്‍ വേദികളില്‍ ജീവന്‍ നല്‍കിയതിന്റെ ക്രെഡിറ്റ് ഇന്നും കൊട്ടാരക്കര ഭദ്രയ്ക്കാണ്. പാഞ്ചാലി ആയിരുന്നു ഭദ്ര അരങ്ങുകളില്‍ ഏറ്റവും കൂടുതല്‍ തവണ ആടിയ വേഷമെങ്കിലും അവരെ ഏറെ ഭ്രമിപ്പിച്ചത് ദക്ഷയാഗത്തിലെ സതിദേവിയായിരുന്നു.
ഗോപാല്‍-ശാരദാമ്മ ദമ്പതികളുടെ അഞ്ചു മക്കളില്‍ രണ്ടാമത്തെ കുട്ടിയായാണ് ഭദ്രയുടെ ജനനം. കൈതക്കോട് രാമന്‍ പിള്ള ആശാനായിരുന്നു ആദ്യകാല ഗുരു. എങ്കിലും കഥകളിയില്‍ സജീവമാകുന്നത് കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തില്‍ തമ്പുരാന്‍ കഥകളി പഠന കേന്ദ്രത്തില്‍ ഭദ്രയുടെ മകനെ പഠിപ്പിക്കാന്‍ എത്തിച്ചതോടെയാണ്. കളകളി പഠനം വീണ്ടും പുനഃരാരംഭിക്കണം എന്ന മോഹം ഭദ്രയ്ക്കുണ്ടായി. കുട്ടികളെ അഭ്യസിപ്പിക്കുന്ന കഥകളി കളരിയില്‍ മുതിര്‍ന്ന സ്ത്രീയെ അഭ്യസിപ്പിക്കാന്‍ ആചാര്യന്‍ മയ്യനാട് കേശവന്‍ നമ്പൂതിരി വിസമ്മതിച്ചെങ്കിലും കഥകളിയോടുള്ള ഇഷ്ടം മനസിലാക്കി ഭദ്രയോടൊപ്പം മറ്റൊരു സ്ത്രീയെ കൂടി കൊണ്ടു വരാന്‍ പറയുകയും ചെയ്തു. അങ്ങനെ ഭദ്രയയ്ക്ക് കൂട്ടായി എത്തിയ കൊട്ടാരക്കര ഗംഗയും കഥകളിയുടെ പുനരാരംഭത്തിലേക്ക് എത്തുകയുമായിരുന്നു.
1982-ല്‍ ഭദ്ര മയ്യനാട് ജന്മകുളം ക്ഷേത്രത്തില്‍ ദുര്യോധന വധത്തിലെ പാഞ്ചലിയായി അരങ്ങേറി. അങ്ങനെ കൊട്ടാരക്കര ഭദ്ര എന്ന പേര് കഥകളിയുടെ ഭാഗമായി. നള ചരിതത്തിലെ ദമയന്തിയും സഖിയുമായി ഭദ്രയും മകനും വേദിയില്‍ എത്തിയിരുന്നു. ഗുരുവിനൊപ്പവും അദ്ദേഹത്തിന്റെ മകന്‍, കൊച്ചുമകന്‍ ഉള്‍പ്പടെ മൂന്ന് തലമുറക്കൊപ്പം വേഷമിട്ട അപൂര്‍വ്വത കൊട്ടാരക്കര ഭദ്രയ്ക്കുണ്ട്. പുരാണ പാരായണ പുരസ്‌കാരം, ബാലഗോകുലം, ജെസിഐ, നാരീ ശക്തി പുരസ്‌കാരം, കൊട്ടാരക്കര ശ്രീധരന്‍ നായര്‍ പുരസ്‌കാരം, തൊള്ളാര്‍ കുഴി പി.ശങ്കരന്‍ സ്മാരക പുരസ്‌കാരം, സതി വര്‍മ്മ മെമ്മോറിയല്‍ പുരസ്‌കാരം, നിരവധി തവണ കൊട്ടാരക്കര തമ്പുരാന്‍ സ്മാരക കഥകളി പുരസ്‌കാരം, നിരവധി ക്ഷേത്രങ്ങളില്‍ നിന്ന് കഥകളി ആസ്വാദക പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.
തന്റെ 73-ാമത്തെ വയസ്സുവരെ അരങ്ങില്‍ നിറഞ്ഞു നിന്ന ഭദ്ര അനാരോഗ്യം മൂലം മകന്‍ ഗണേശ്, മരുമകള്‍ രശ്മി ചെറുമക്കള്‍ ഗൗരി കല്യാണി, ഗൗരി പാര്‍വതി എന്നിവര്‍ക്കൊപ്പം അവണൂര്‍ പത്തടി ഗൗരി ഗോവിന്ദത്തില്‍ വിശ്രമ ജീവിതത്തിലായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ദിവസം സ്വകാര്യാശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ടോടെ അന്ത്യം സംഭവിക്കുകയുമായിരുന്നു. പരേതനായ ഗോപാലകൃഷ്ണന്‍ ആണ് ഭര്‍ത്താവ്. സംസ്‌കാരം ഇന്ന് 12ന് വീട്ടുവളപ്പില്‍ നടക്കും.