കരുനാഗപ്പള്ളി . ദേശീയപാത വികസനത്തിന്റെ ഭാഗമായി കരുനാഗപ്പള്ളി നഗരത്തിൽ തൂണുകളിൽ നിർമ്മിക്കുന്ന ഓപ്പൺ ഫ്‌ളൈ ഓവറിന്റെ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.
വെള്ളിയാഴ്ച രാവിലെ എട്ടരയോടെ കെഎസ്ആർടിസി ബസ്റ്റാൻ്റിന് സമീപം ദേശീയപാതയുടെ പടിഞ്ഞാറു ഭാഗത്തായി നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഔപചാരികമായി തുടക്കം കുറിച്ചു. മേൽപാലത്തിന്റെ തൂണുകൾ സ്ഥാപിക്കുന്നതിനുള്ള പൈലിങ് ജോലികളാണ് തുടങ്ങിയിരിക്കുന്നത്. പൈലിങ് ജോലികൾ കഴിഞ്ഞാൽ ഉടൻ തന്നെ തൂണുകളുടെ നിർമാണവും ആരംഭിക്കും. നേരുത്തേ മേൽപ്പാല നിർമ്മാണത്തിനു് മുന്നോടിയായുള്ള മണ്ണുപരിശോധനയും ടെസ്റ്റ് പൈലിങ്ങും പൂർത്തിയായിരുന്നു.
ദേശീയപാത വികസനത്തിൻ്റെ ഭാഗമായി കരുനാഗപ്പള്ളി നഗരത്തിൽ ഇരുവശവും കെട്ടിമറച്ചുള്ള ഫ്‌ളൈ ഓവർ നിർമ്മിക്കാനായിരുന്നു ആദ്യ തീരുമാനം. ജില്ലയിലെ തന്നെ തിരക്കേറിയ നഗരങ്ങളിൽ ഒന്നായ കരുനാഗപ്പള്ളി പട്ടണത്തെ മതിൽകെട്ടി മറയ്ക്കാനുള്ള നീക്കത്തിനെതിരെ വിവിധ കോണുകളിൽ നിന്നും ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു.നഗരസഭയും, വ്യാപാരികളും സേവ് കരുനാഗപ്പള്ളി ഫോറം പോലുളള സംഘടകൾ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു.ഇതോടെ എ എം ആരിഫ് എം പി പാർലമെന്റിലും ഉപരിതല ഗതാഗത വകുപ്പ് മന്ത്രിയ്ക്കും മുന്നിൽ പ്രശ്നം ഉന്നയിച്ചതിനെ തുടർന്നാണ് നഗരത്തിൽ തൂണുകളിൽ ഉയർത്തിയിലുള്ള മേൽപ്പാലം നിർമിക്കുമെന്ന് കഴിഞ്ഞ ഓഗസ്റ്റിൽ എം പിയുടെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിൻ ഗഡ്ഗരി വ്യക്തമാക്കിയിരുന്നു.
നഗരത്തിൽ ഗതാഗത നിയന്ത്രണം
മേൽപ്പാല നിർമാണം തുടങ്ങുന്ന സാഹചര്യത്തിൽ നഗരത്തിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തുന്നു. ദേശീയപാതയുടെ പടിഞ്ഞാറ് വശം പൂർണമായും കെട്ടിമറച്ചാണ് മേൽപ്പാല നിർമാണം നടക്കുന്നത്. അതിനാൽ ഇടതുവശത്തുകൂടി മാത്രമേ വാഹനങ്ങൾ കടന്നുപോകാനാകൂ. ഈ സാഹചര്യത്തിൽ ഗതാഗതം പൂർണമായും റോഡിന് കിഴക്കുവശത്തുകൂടി മാത്രമാക്കേണ്ടിവരും. ഇക്കാര്യത്തിൽ നടപടി ആവശ്യപ്പെട്ട് ദേശീയപാത പ്രോജക്ട് അസി. ജനറൽ മാനേജർ കരുനാഗപ്പള്ളി പോലീസിന് കത്തുനൽകി.