കൊല്ലം: വിവാഹ മധ്യസ്ഥ ചര്‍ച്ചക്കിടയിലുണ്ടായ സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ട രണ്ട് പ്രതികള്‍ കൂടി കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായി. പന്മന, ചാനമ്പക്കടവ് മൊട്ടക്കിലേഴത്ത് വീട്ടില്‍ നൗഷാദ് (42), തേവലക്കര, മൊട്ടയ്ക്കല്‍, മേക്കരവിളയില്‍ ഇബ്രാഹിംകുട്ടി (63) എന്നിവരാണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ വെള്ളിയാഴ്ച പാലോലികുളങ്ങരയിലുള്ള ജമായത്ത് ഓഫീസില്‍ വച്ച് വിവാഹ മധ്യസ്ഥ ചര്‍ച്ച നടക്കുമ്പോള്‍ ഉണ്ടായ തര്‍ക്കത്തില്‍ ജമാഅത്ത് സെക്രട്ടറിയെ പതിനഞ്ചോളം വരുന്ന പ്രതികള്‍ മര്‍ദ്ദിക്കുകയുണ്ടായി. ഇത് തടയാന്‍ ശ്രമിച്ച പഞ്ചായത്ത് വൈസ് പ്രസിഡന്റും പലോലികുളങ്ങര ജമാഅത്ത് പ്രസിഡന്റുമായിരുന്ന സലീം മണ്ണേലിനെ സംഘത്തിലുള്ളവര്‍ മര്‍ദ്ദിച്ചിരുന്നു. പരിക്കേറ്റ ഇദ്ദേഹത്തെ കരുനാഗപ്പള്ളിയിലുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കരുനാഗപ്പള്ളി പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സംഘര്‍ഷത്തിലുണ്ടായിരുന്ന മുഖ്യപ്രതികളായ മൂഹമ്മദ് ഷാ, യൂസഫ്, ഫൈസല്‍, മുസ്സല്‍ എന്നിവരെയും കഴിഞ്ഞ ദിവസങ്ങളിലായി പോലീസ് സംഘം പിടികൂടിയിരുന്നു. ഒളിവില്‍ കഴിഞ്ഞിരുന്ന നൗഷാദിനെ പോലീസ് സംഘം കാസര്‍ഗോഡ് നിന്നും ഇബ്രാഹിംകുട്ടിയെ ശാസ്താംകോട്ടയില്‍ നിന്നുമാണ് പിടികൂടിയത്. സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ട മറ്റു മുഴുവന്‍ പ്രതികളെയും ഉടനടി പിടികൂടുന്നതാണെന്ന് പോലീസ് അറിയിച്ചു.