മാരക മയക്കുമരുന്നായ എല്‍എസ്ഡി സ്റ്റാമ്പുമായി യുവാവ് പിടിയിലായി

Advertisement

അഞ്ചല്‍: മാരക മയക്കുമരുന്നായ എല്‍എസ്ഡി സ്റ്റാമ്പുമായി യുവാവ് പിടിയിലായി. പത്തനംതിട്ട കോഴഞ്ചേരി സ്വദേശി വിഷ്ണു (24)നെയാണ് അഞ്ചല്‍ പോലീസ് അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നാം പ്രതിയായ അഞ്ചല്‍ ആലകുന്നില്‍ വിളയില്‍ വീട്ടില്‍ അല്‍സാബിത്തിനെ എല്‍എസ്ഡി സ്റ്റാമ്പുമായി കഴിഞ്ഞ മാസം കൊല്ലം റൂറല്‍ ഡാന്‍സാഫ് എസ്‌ഐ ജ്യോതിഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയിരുന്നു.
അല്‍സാബിത്തിനെ ചോദ്യം ചെയ്തതില്‍ വിഷ്ണുവില്‍ നിന്നാണ് എല്‍എസ്ഡി സ്റ്റാമ്പ് താന്‍ വാങ്ങിയതെന്ന് മൊഴി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് കേസില്‍ വിഷ്ണുവിനെ രണ്ടാം പ്രതിയാക്കി പോലീസ് കേസെടുത്തു.
പിന്നീട് നടത്തിയ അന്വേഷണത്തിലാണ് വിഷ്ണുവിനെ അറസ്റ്റ് ചെയ്തത്. വിഷ്ണുവിന്റെ നേതൃത്വത്തില്‍ യുവാക്കള്‍ക്ക് വ്യാപകമായി ഇത്തരത്തിലുള്ള സ്റ്റാമ്പുകള്‍ വില്പന നടത്തിവരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. അഞ്ചല്‍ സിഐ അബ്ദുള്‍ മനാഫ്, എസ്‌ഐമാരായ പ്രജീഷ് കുമാര്‍, ബിജു, സിപിഒമാരായ സജു, വിനോദ്, അഭിലാഷ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.