എഴുപത്തഞ്ചാമത് ശൂരനാട് രക്തസാക്ഷിദിനം വ്യാഴാഴ്ച ആചരിക്കും

Advertisement

ശാസ്താംകോട്ട. എഴുപത്തഞ്ചാമത് ശൂരനാട് രക്തസാക്ഷിദിനം 18ന് ആചരിക്കും. ജന്മിത്തത്തിനെതിരെ ശൂരനാട്ടെ കര്‍ഷകര്‍ നടത്തിയ തിരിച്ചടിയാണ് ശൂരനാട് കലാപമെന്നപേരില്‍ പ്രസിദ്ധമായത്.

ശൂരനാട്ടെ ഉള്ളന്നൂര്‍കുളം മീന്‍പിടിക്കുന്നതിന് തെന്നലയിലെ ജന്മിയുടെ കൈയാളന്മാര്‍ ലേലം പിടിച്ചതിനെതിരെ നാട്ടിലെ യുവാക്കള്‍ പരസ്യമായി കുളത്തിലിറങ്ങി മീന്‍പിടിച്ചു. ഇവരെ തേടിഎത്തിയ പൊലീസുമായി 1949 ഡിസംബര്‍ 31ന് രാത്രി കിഴകിട ഏലായില്‍ യുവാക്കള്‍ ഏറ്റുമുട്ടി. എസ്‌ഐഅടക്കം നാലുപൊലീസുകാര്‍ കൊല്ലപ്പെട്ടുു. എന്നാല്‍ ഇതിനെതിരെ ഭരണകൂടം നടത്തിയ പ്രത്യാക്രമണം രൂക്ഷമായിരുന്നു. നരനായാട്ടുപേടിച്ച് ജനം നാടുവിട്ടോടി.

യുവാക്കള്‍ പലായനം ചെയ്തു. അമ്മപെങ്ങന്മാര്‍ മാനഭംഗത്തിന് വിധേയരായി. വീടുകള്‍ കല്ലോടുകല്ല് ശേഷിക്കാതെ തകര്‍ക്കപ്പെട്ടു. ശൂരനാട് എന്നൊരുനാടിനിവേണ്ട എന്ന പ്രഖ്യാപനത്തോടെയാണ് നാട്ടുകാര്‍ക്കുനേരെ അക്രമം അഴിച്ചുവിട്ടത്. ജനുവരി 18ന് ആദ്യ സമരസഖാവ് തണ്ടാശേരി രാഘവന്‍ മര്‍ദ്ദനമേറ്റ് ലോക്കപ്പില്‍ മരിച്ചു. പിന്നീട് പായിക്കാലില്‍ഗോപാലപിള്ള,കളക്കാട്ടുതറ പരമേശ്വരന്‍നായര്‍ കാഞ്ഞിരപ്പള്ളിവടക്ക് പുരുഷോത്തമകുറുപ്പ് ,മഠത്തില്‍ഭാസ്‌കരന്‍നായര്‍ എന്നിവര്‍ ലോക്കപ്പ് പീഡനത്തില്‍ ജീവന്‍ വെടിഞ്ഞു. അനേകര്‍ ജീവഛവങ്ങളായി. മര്‍ദ്ദനമേറ്റ് പ്രാണന്‍മാത്രം ശേഷിച്ച നടേവടക്കതില്‍ പരമുനായര്‍, പോണാല്‍ തങ്കപ്പക്കുറുപ്പ്,അമ്പിയില്‍ ജനാര്‍ദ്ദനന്‍നായര്‍, ചേലക്കോട്ടേത്ത് കുഞ്ഞുരാമന്‍,ചിറപ്പാട്ട് ചാത്തന്‍കുട്ടി, അയണിവിളകുഞ്ഞുപിള്ള, പേരൂര്‍മാധവന്‍പിള്ള എന്നിവര്‍ ജയിലില്‍ നരകിച്ചു. ചാലിത്തറകുഞ്ഞച്ചന്‍, പായിക്കാലില്‍ രാമന്‍നായര്‍ എന്നിവര്‍ക്ക് എന്തു സംഭവിച്ചുവെന്ന് ഇന്നും ഒരറിവുമില്ല. 1957ലെ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ ആദ്യ തീരുമാനപ്രകാരമാണ് ജയിലില്‍ അവശേഷിച്ച സഖാക്കള്‍ പുറത്തിറങ്ങിയത്. നടുക്കുന്ന സമരകാലത്തിന്റെ ചോരപൊടിക്കുന്ന ഓര്‍മ്മദിനമാണ് ശൂരനാടിനിത്.
രാവിലെ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന, വൈകിട്ട് റാലി,സമ്മേളനം എന്നിവ നടക്കും. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, മന്ത്രി വിഎന്‍ വാസവന്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.