കരുനാഗപ്പള്ളി. നവ കേരള സദസ്സിൽ സമർപ്പിക്കപ്പെട്ട പരാതികളിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കാൻ അദാലത്ത് സംഘടിപ്പിച്ചു. നവകേരള സദസ്സിൽ ലഭിച്ച പരാതികളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തീരുമാനമെടുക്കേണ്ടുന്ന പരാതികളാണ് ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങൾക്ക് കൈമാറിയശേഷം അദാലത്തിന്റെ പരിഗണനയിലേക്ക് വച്ചത്. കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയിലാണ് അദാലത്ത് സംഘടിപ്പിച്ചത്.
ഓച്ചിറ ബ്ലോക്കിൽപ്പെട്ട 6 പഞ്ചായത്തിലെയും മുൻസിപ്പാലിറ്റിയിലെയും അപേക്ഷകളാണ് അദാലത്തിൽ പരിഗണിച്ചത്. കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി, തൊടിയൂർ, കുലശേഖരപുരം പഞ്ചായത്തുകൾ എന്നിവയിലെ പരാതികൾ ഉച്ചയ്ക്ക് മുമ്പും മറ്റു പഞ്ചായത്തുകളിലേത് ഉച്ചയ്ക്ക് ശേഷവുമായി വ്യത്യസ്ത കൗണ്ടറുകളിലാണ് പരിഗണിച്ചത്. 106 പേർ അദാലത്തിൽ പങ്കെടുത്തു. ഇതിൽ 62 പേരുടെ പരാതികളിൽ തീരുമാനമായി. 44 പേരുടെ പരാതികളിൽ തുടർനടപടിക്കായി ജില്ലാ ഓഫീസിലേക്ക് കൈമാറിയതായി അധികൃതർ അറിയിച്ചു.