യാഫ്ന യുവപ്രഭ പുരസ്കാരം വി അനീഷിന്

Advertisement

കരുനാഗപ്പള്ളി . വവ്വാക്കാവ്, കുറുങ്ങപ്പള്ളി യാഫ്ന ഏർപ്പെടുത്തിയ പ്രഥമ യുവ പ്രഭാ പുരസ്കാരം ചിത്രകാരൻ വി അനീഷിന് നൽകുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 10,001 രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. വെള്ളിയാഴ്ച കരുനാഗപ്പള്ളി ടൗൺ ക്ലബ്ബിൽ നടക്കുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഡോ പി കെ ഗോപൻ അവാർഡ് സമ്മാനിക്കും.ഇതോനുബന്ധിച്ച് ചേരുന്ന യോഗം സി ആർ മഹേഷ് എംഎൽഎ ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി മേയർ കൊല്ലം മധു, കവി ഇഞ്ചക്കാട് ബാലചന്ദ്രൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തും. വിവിധ മേഖലകളിൽ കഴിവു തെളിയിച്ച ആറു പേർക്ക് ശ്രേഷ്ഠ പ്രഭാ പുരസ്കാരം നൽകി ചടങ്ങിൽ വച്ച് ആദരിക്കും.

സാമൂഹ്യ സേവനരംഗത്ത് പത്തനാപുരം ഗാന്ധിഭവനിലെ പി എസ് അമൽരാജ്, ചലച്ചിത്ര താരം ശൂരനാട് നെൽസൺ, സാംസ്കാരിക പ്രവർത്തകൻ വി വിജയകുമാർ, ആതുര സേവന രംഗത്ത് വിവേക് ജി എസ്, ബിസിനസ് മേഖലയിൽ സൗത്ത് ഇന്ത്യൻ വിനോദ്, കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂൾ സംഗീതാധ്യാപിക ഡോ പാർവ്വതി ബി രവി എന്നിവർക്കാണ് ശ്രേഷ്ഠ പ്രഭാ പുരസ്കാരം നൽകി ആദരിക്കുന്നത്. കേരളത്തിനകത്തും പുറത്തും നിരവധി ചിത്രകല പ്രദർശനം നടത്തിയിട്ടുള്ള അനീഷ് വിയുടെ ചിത്ര കലകളുടെ പ്രദർശനം ‘നിറവ്’ എന്ന പേരിൽ 19,20 തീയതികളിൽ ടൗൺ ക്ലബ്ബിൽ നടക്കും. വെള്ളിയാഴ്ച രാവിലെ 9.30ന് മുനിസിപ്പൽ ചെയർമാൻ കോട്ടയിൽ രാജു പ്രദർശനം ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4.30ന് കുട്ടികൾക്കായി ചിത്രരചന മത്സരവും സംഘടിപ്പിക്കും. വിജയികളാകുന്നവർക്ക് ക്യാഷ് അവാർഡും ട്രോഫിയും സമ്മാനിക്കും. വാർത്താ സമ്മേളനത്തിൽ പെരുമാനൂർ രാധാകൃഷ്ണൻ, അനിൽ കുറുപ്പ്, ഉണ്ണി വട്ടത്തറ, ദീപു ആദിനാട് എന്നിവർ പങ്കെടുത്തു.

Advertisement