കരുനാഗപ്പള്ളി: കരുനാഗപ്പള്ളി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ പുതുതായി നിര്‍മിച്ച ഓഫീസ് മുറിയുടെയും ജീവനക്കാര്‍ക്കായുള്ള വിശ്രമമുറിയുടെയും ഉദ്ഘാടനം ഗതാഗതവകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ നിര്‍വഹിച്ചു. ചെലവുകള്‍ നിയന്ത്രിച്ച് ആധുനികവത്കരണം സാധ്യമായതോതില്‍ നടപ്പിലാക്കി പൊതുഗതാഗത സംവിധാനത്തെ കൂടുതല്‍ കാര്യക്ഷമവും ലാഭകരമാക്കുകയുമാണ് സര്‍ക്കാരിന്റെ ലക്ഷ്യം എന്ന് മന്ത്രി പറഞ്ഞു. ഇനി സ്റ്റേ ബസുകള്‍ അനുവദിക്കുന്നത് ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും താമസ സൗകര്യം ഉള്‍പ്പടെ പഞ്ചായത്തോ റെസിഡന്‍സ് അസ്സോസിയേഷനുകളോ നല്‍കുന്ന സ്ഥലങ്ങളില്‍ മാത്രം ആയിരിക്കുമെന്നും കൊല്ലം ബസ്സ്റ്റാന്‍ഡ് നവീകരണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
സി.ആര്‍. മഹേഷ് എംഎല്‍എ അധ്യക്ഷനായി. എ.എം. ആരിഫ് എംപി, കരുനാഗപ്പള്ളി നഗരസഭാ ചെയര്‍മാന്‍ കോട്ടയില്‍ രാജു, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.