ഓയൂര്‍: അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് ബന്ധുവായ സ്ത്രീയുടെ ആക്രമണത്തില്‍ വയോധികയ്ക്ക് പരിക്ക്. ഓടനാവട്ടം കുടവട്ടൂര്‍ കട്ടയില്‍ ആശാമുക്ക് സ്വദേശി സരസമ്മ (85) യ്ക്കാണ് പരിക്കേറ്റത്. സരസമ്മയെ തള്ളിത്താഴെയിട്ട് പരിക്കേല്‍പ്പിച്ച അയല്‍വാസി കൂടിയായ സരിതയ്ക്കെതിരെ പോലീസ് കേസെടുത്തു.
ഓടനാവട്ടം കുടവട്ടൂര്‍ അമ്പലത്തുംകാലയില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. സരസമ്മയുടെ വീട്ടുകാരും സഹോദരിയുടെ മകള്‍ സരിതയും തമ്മില്‍ അതിര്‍ത്തി തര്‍ക്കം നാളുകളായി നിലനില്‍ക്കുകയാണ്. കഴിഞ്ഞ ദിവസം വൈകിട്ട് സരിത വഴിയില്‍ നിന്നും മണ്ണെടുക്കുന്നത് സരസമ്മ ചോദ്യം ചെയ്തു. ഇതിന് പിന്നാലെ വീട്ടിലെത്തിയ സരിത സരസമ്മയ്ക്കെതിരെ പോലീസില്‍ പരാതി നല്‍കുമെന്ന് പറഞ്ഞു. തിരികെ പോകുംവഴി സരസമ്മയെ മുറ്റത്തേക്ക് തള്ളിയിടുകയായിരുന്നുവെന്നാണ് ആക്ഷേപം.
വീഴ്ചയുടെ ആഘാതത്തില്‍ സരസമ്മയുടെ തുടയെല്ലുപൊട്ടി, കൈക്കും തലയ്ക്കും പരിക്കേറ്റു. സരസമ്മയെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്കി. സരിത സരസമ്മയെ തള്ളിയിടുന്നതിന്റെ സിസിടിവി ദൃശ്യവും പുറത്ത് വന്നിട്ടുണ്ട്.