ചവറ. ഭരണിക്കാവിൽ പത്തിരുപത് ചെറുപ്പക്കാർ 1984 ജനുവരിയിൽ ഒത്തുകൂടിയപ്പോൾ രൂപപ്പെട്ടതാണ് വികാസ് കലാസാംസ്കാരിക സമിതി. ഇപ്പോൾ വികാസ് 40 വർഷം പൂർത്തീകരിക്കുന്നു. വേർപിരിയാത്ത സൗഹൃദമാണ് വികാസിന്റെ നിലനിൽപ്പ്. സാംസ്കാരിക ഇടപെടലിനോടൊപ്പം നിരവധി ജീവകാരുണ്യ വിദ്യാഭ്യാസ ആരോഗ്യ പദ്ധതികളും അതിനാവശ്യമായ സ്ഥിരം സംവിധാനങ്ങളും വികാസിനൊപ്പം ഉണ്ട്. ആദ്യകാലത്ത് 20 പെൺകുട്ടികളുടെ വിവാഹം വികാസിന്റെ നേതൃത്വത്തിൽ നടത്തിയിരുന്നു. വൈക്കത്തിന്റെ പ്രേരണയായിരുന്നു പിന്നിൽ.
ഇതുപോലുള്ള വിഷയങ്ങളിൽ പുതുതലമുറയ്ക്ക് താല്പര്യമില്ലെന്ന് പൊതുവേ പറയാറുണ്ടെങ്കിലും വികാസിന്റെ അനുഭവം മറിച്ചാണ്. നല്ലൊരു സംഘം ചെറുപ്പക്കാർ നേതൃത്വ പദവിയിൽ എത്തിയിട്ടുണ്ട്. പ്രായത്തിൽ മുതിർന്നവരും ചെറുപ്പക്കാരും തമ്മിലുള്ള രസതന്ത്രം വികാസിന്റെ വളർച്ചയിലും നിർണായക പങ്കു വഹിക്കുന്നു.
സാഹിത്യ സാംസ്കാരിക പ്രവർത്തനങ്ങളോടൊപ്പം ചാരിറ്റബിൾ പ്രവർത്തനങ്ങൾക്കായി വികാസിന്റെ സ്ഥാപകരിൽ ഒരാളായ എ.ജോസിന്റെ പേരിൽ ജോസ് ഫൗണ്ടേഷൻ രൂപീകരിച്ചിട്ടുണ്ട്. ചവറ ഗ്രാമപഞ്ചായത്തിൽ കാൻസർ രോഗം ബാധിച്ച് പാലിയേറ്റീവ് ചികിത്സയിലേക്ക് എത്തിയവർക്ക് സ്ഥിര ചികിത്സയ്ക്ക് ആവശ്യമായതെല്ലാം (ഇപ്പോൾ 35 പേർക്ക്) നൽകിവരുന്നു. എല്ലാവർഷവും തിരുനെൽവേലി അരവിന്ദ് കണ്ണാശുപത്രിയുടെ തിമിര ശസ്ത്രക്രിയ ക്യാമ്പ്, മെഡിക്കൽ ക്യാമ്പുകൾ തുടങ്ങിയവ എല്ലാ വർഷവും ആവർത്തിക്കുന്ന ആരോഗ്യപരിപാടികളാണ്. 10000 ത്തിലധികം പുസ്തകങ്ങളുമായി വികാസ് ലൈബ്രറി എ ഗ്രേഡ് ആണ്. ഓരോ വർഷവും സാഹിത്യ സാംസ്കാരിക മേഖലയിലും നിരന്തര പരിപാടികൾ ഉണ്ടാകും. ആത്മമിത്രം ആയിരുന്ന ഒ.എൻ.വി സ്മാരക പ്രഭാഷണവും കേരള സാഹിത്യ അക്കാദമിയുമായി സഹകരിച്ചുള്ള ക്യാമ്പുകളും സെമിനാറുകളും സംഘടിപ്പിക്കുന്നു. വികാസിന്റെ കഴിഞ്ഞ 40 വർഷത്തെ സാമൂഹ്യ ഇടപെടലോടെ ഈ പുതിയ കാലത്തിലും നിലനിൽക്കാൻ കഴിയുന്നു.
നാല്പതാം വാർഷികാഘോഷ പരിപാടികൾ ജനുവരി 20 മുതൽ 26 വരെ ഒരാഴ്ച നീണ്ടുനിൽക്കും. വികാസ് ഓഡിറ്റോറിയം ആണ് വേദി.
ജനുവരി 20 ശനിയാഴ്ച വൈകിട്ട് 4.30ന് വനിതാ സമ്മേളനത്തോടെ പരിപാടികൾ ആരംഭിക്കും. മുൻ ആരോഗ്യവകുപ്പ് മന്ത്രി കെ. കെ.ശൈലജ എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഡോക്ടർ ദിവ്യാ എസ്.അയ്യർ ഐ. എ. എസ്, ഡോക്ടർ താര എസ്.എസ് എന്നിവർ സംസാരിക്കും. ജനുവരി 21 ഞായറാഴ്ച വൈകിട്ട് 7 മണിക്ക് സി.എൻ ശ്രീകണ്ഠൻ നായർ നാടകോത്സവത്തിന് തിരി തെളിയും. നീരാവിൽ പ്രകാശ് കലാകേന്ദ്രം രണ്ട് നാടകങ്ങൾ അവതരിപ്പിക്കും. മായാവി,മറഡോണ.
ജനുവരി 22 തിങ്കളാഴ്ച രാവിലെ 9 മുതൽ വിവിധ ചിത്രകാരന്മാരുടെയും ചിത്രകാരികളുടെയും ചിത്രപ്രദർശനം.
നാടകോത്സവത്തിന്റെ രണ്ടാം ദിവസമായ ജനുവരി 23ന് പാവുമ്പ ഗവൺമെന്റ് ഹൈസ്കൂൾ അവതരിപ്പിക്കുന്ന കെണി, പാവുമ്പ അമൃത യു.പി.എസ് അവതരിപ്പിക്കുന്ന ഉണ്ണിക്കുട്ടന്റെ പുസ്തകങ്ങൾ എന്നീ നാടകങ്ങൾ.
ജനുവരി 24 വൈകിട്ട് 7. 30ന് വികാസ് അവതരിപ്പിക്കുന്ന നാടകം “കുമാരസംഭവം”.
ജനുവരി 25 വൈകിട്ട് 7 മുതൽ പ്രാദേശിക പ്രതിഭകൾ പങ്കെടുക്കുന്ന അരങ്ങ് — കുടുംബ കലാമേള. ജനുവരി 26 വെള്ളിയാഴ്ച വൈകിട്ട് ആറിന് സാംസ്കാരിക സമ്മേളനം. സാഹിത്യരംഗത്തെയും കലാരംഗത്തെയും പ്രതിഭകൾ സമ്മേളനത്തിൽ പങ്കെടുക്കുന്നു. ഈ വർഷത്തെ സാംസ്കാരിക സമ്മേളനം മയ്യഴിയുടെ കഥാകാരൻ എം.മുകുന്ദൻ ഉദ്ഘാടനം ചെയ്യും. പ്രശസ്ത പത്രപ്രവർത്തകൻ എം.ജി രാധാകൃഷ്ണൻ, ക്ലാസിക്കൽ നൃത്ത രംഗത്തെ പ്രതിഭ ഡോക്ടർ മേതിൽ ദേവിക, ദൂരദർശൻ മുൻ പ്രോഗ്രാം ഡയറക്ടറും എഴുത്തുകാരനുമായ ബൈജു ചന്ദ്രൻ എന്നിവർ പങ്കെടുക്കും.