കശുവണ്ടി തൊഴിലാളി കാറിടിച്ച് മരിച്ചു

Advertisement

പൂയപ്പള്ളി: പൂയപ്പള്ളി മരുതമണ്‍ പള്ളി മാക്രിയില്ലാക്കുളത്തിന് സമീപം കാറിടിച്ച് കാല്‍ നടയാത്രികയായ കശുവണ്ടി തൊഴിലാളി സ്ത്രീ മരിച്ചു. കൂടെയുണ്ടായിരുന്ന മറ്റൊരു സ്ത്രീക്ക് ഗുരുതരമായി പരിക്ക്. മരുതമണ്‍പള്ളി ഗൗരീ കാഷ്യൂ ഫാക്ടറിയിലെ തൊഴിലാളി മരുതമണ്‍ പള്ളി തച്ചോണത്ത് ബിജി ഭവനില്‍ ഗിരിജ (50) ആണ് മരിച്ചത്. പൂയപ്പള്ളി സാമില്‍ ജങ്ഷനില്‍ ചരുവിള വീട്ടില്‍ ജോണ്‍സന്റെ ഭാര്യ വിജി (46) യെ ഗുരുതര പരിക്കുകളോടെ മീയ്യണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന്‌ വൈകിട്ട് 5.15 ഓടെയായിരുന്നു അപകടം. ഇത്തിക്കര സ്വദേശി കൊട്ടാരക്കര വിജയാ ഹോസ്പിറ്റലിലെ ഡോക്ടര്‍ ഫിറോസ് ഓടിച്ചിരുന്ന കാറാണ് ഇടിച്ചത്. ഓയൂരില്‍ നിന്നും കൊട്ടാരക്കരയിലേക്ക് പോവുകയായിരുന്ന കാര്‍ ജോലി കഴിഞ്ഞ് റോഡിന്റെ ഇടത് വശത്തുകൂടി നടന്നു പോയ ഗിരിജയെയും വിജിയെയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. റോഡരികിലെ കുഴിയിലേക്ക് വീണ ഗിരിജ തല്‍ക്ഷണം മരിച്ചു. പൂയപ്പള്ളി പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം മോര്‍ച്ചറിയില്‍. സംസ്‌കാരം പിന്നീട്. മക്കള്‍: ബിജി, ബിനി. മരുമക്കള്‍: രാജേഷ്, രജിത്.

Advertisement