അനീഷ്യയുടെ മരണം -പ്രതിഷേധസൂചകമായി കോടതി ബഹിഷ്കരണം

Advertisement

കൊല്ലം. പരവൂർ മുനിസിഫ്-മജിസ്ട്രേറ്റ് കോടതിയിലെ അസിസ്റ്റൻറ് പബ്ലിക് പ്രോസിക്യൂട്ടർ ആയിരുന്ന അനീഷ്യ. എസിൻ്റെ ആത്മഹത്യ ജോലി സ്ഥലത്തെ സഹപ്രവർത്തകന്റെയും മേലുദ്യോഗസ്ഥന്റെയും പീഡനവും അപമാനിക്കലും മൂലമാണെന്ന് തെളിവുകൾ പുറത്തുവന്നതിനാൽ അവരെ സസ്പെൻഡ് ചെയ്തു അന്വേഷണം നടത്തണമെന്ന് കൊല്ലം ബാർ അസോസിയേഷൻ ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തി നാളെ (24/01/2024) കോടതികൾ ബഹിഷ്കരിക്കാൻ യോഗം തീരുമാനിച്ചു.

ആരോപണ വിധേയരായ അസിസ്റ്റൻറ് പബ്ലിക് പ്രോസിക്യൂട്ടറെയും, ഡെപ്യൂട്ടി ഡയറക്ടർ ഒഫ് പ്രോസിക്യൂഷനെയും ബഹിഷ്കരിക്കാൻ അഭിഭാഷകർ തീരുമാനിച്ചു. ആരോപണ വിധേയർക്കെതിരെ മറ്റൊരു ഡെപ്യൂട്ടി ഡയറക്ടർ ഒഫ് പ്രോസിക്യൂഷൻ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ഉത്തരവിട്ട ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ നടപടിയിൽ യോഗം പ്രതിഷേധം രേഖപ്പെടുത്തി. ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷൻ നേരിട്ട് അന്വേഷിക്കണം എന്ന് കൊല്ലം ബാർ അസോസിയേഷൻ ആവശ്യപ്പെട്ടു. ഈ സംഭവത്തെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് സർക്കാരിനോട് കൊല്ലം ബാർ അസോസിയേഷൻ ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.
അനീഷ്യയുടെ കുടുംബത്തോടൊപ്പം ചേർന്ന് നിയമപോരാട്ടം നടത്താനും കൊല്ലം ബാർ അസോസിയേഷൻ തീരുമാനിച്ചതായി പ്രസിഡൻ്റ് അഡ്വ ബോറിസ് പോൾ,സെക്രട്ടറി അഡ്വ മഹേന്ദ്ര കെ.ബി. എന്നിവര്‍ പറഞ്ഞു.



Advertisement