സിആർപിഎഫ് ജവാൻ ആർ.സൂരജിന് മരണാനന്തര ബഹുമതിയായി സർവോത്തം ജീവൻരക്ഷാ പുരസ്ക്കാരം

Advertisement


ശാസ്താംകോട്ട (കൊല്ലം) : ഛത്തീസ്ഗഢിൽ
നക്സലൈറ്റ് ഓപ്പറേഷൻ കഴിഞ്ഞ് മടങ്ങുന്നതിനിടെ മലവെള്ളപ്പാച്ചിലിൽപ്പെട്ട് വീരമൃത്യു വരിച്ച കൊല്ലം ശൂരനാട് തെക്ക് സ്വദേശിയായ സിആർപിഎഫ് ജവാൻ
ആർ.സൂരജിന് മരണാനന്തര ബഹുമതിയായി സർവോത്തം ജീവൻരക്ഷാ പതക്ക് പുരസ്ക്കാരം സമ്മാനിക്കും.രാജ്യം 75-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് പുരസ്ക്കാരം പ്രഖ്യാപിച്ചത്.രാജ്യത്തിന് സൂരജ്
നൽകിയ സേവനം കണക്കിലെടുത്താണ് പുരസ്കാരം നൽകുന്നത്.2022 ജൂലൈ മാസത്തിലാണ് ശൂരനാട് തെക്ക് ഇരവിച്ചിറ കോഴിക്കോടൻ്റെയ്യത്ത് പരേതനായ രവീന്ദ്രൻ്റെയും മണി രവീന്ദ്രൻ്റെയും മകൻ ആർ.സൂരജ് (27)
വീരമൃത്യു വരിച്ചത്.നിർധന കുടുംബത്തിന്റെ ഏക പ്രതീക്ഷയായിരുന്നു സൂരജ്.സഹോദരന്മാരായ നീരജിന്റെയും സൂരജിന്റെയും പഠിത്തവും വീട്ടുകാര്യങ്ങളുമെല്ലാം സൂരജിന്റെ വരുമാനത്തെ ആശ്രയിച്ചാണ് മുന്നോട്ട് പോയിരുന്നത്.സിആർപിഎഫ് ജവാനായിരുന്ന പിതാവ് രവീന്ദ്രൻ്റെ മരണശേഷം അഞ്ച് വർഷം മുമ്പാണ് സൂരജ് ജോലിയിൽ പ്രവേശിച്ചത്.2022 ഏപ്രിലിലാണ് അവസാനമായി നാട്ടിലെത്തിയത്.മാലുമേൽ ക്ഷേത്രത്തിലെ ഉത്സവത്തിൽ വീട്ടുകാർക്കും സുഹൃത്തുക്കൾക്കുമൊപ്പം പങ്കെടുത്ത ശേഷമായിരുന്നു
ഛത്തീസ്ഗഢിലേക്കുള്ള മടക്കം.അടുത്ത വരവിന് വിവാഹമെന്ന സ്വപ്നവും വീട്ടുകാർക്കുണ്ടായിരുന്നു.മരണാനന്തര ബഹുമതിയായാണ് പുരസ്ക്കാരം ലഭിക്കുന്നതെങ്കിലും വീട്ടുകാരും നാട്ടുകാരും സുഹൃത്തുക്കളും സൂരജിനെ ഓർത്ത് അഭിമാനം കൊള്ളുകയാണ്.

Advertisement