ഉത്സവത്തിനിടയിലുണ്ടായ തര്‍ക്കം; യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികള്‍ പിടിയില്‍

Advertisement

കരുനാഗപ്പള്ളി: ഉത്സവത്തിനിടയിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ സംഘം ചേര്‍ന്ന് ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികള്‍ പോലീസ് പിടിയിലായി. കുലശേഖരപുരം, കോട്ടയ്ക്ക്പുറം, അനന്തു ഭവനത്തില്‍ അനന്തു (22), ക്ലാപ്പന, ഈരിക്കല്‍തറ വരവിള, അതുല്‍ (21), ആദിനാട് തെക്ക്, പുത്തന്‍ കണ്ടത്തില്‍, സന്ദീപ് (23), തൃക്കരുവ, പ്ലാക്കോണം, കുളത്തുംകര വീട്ടില്‍ അക്ഷയ്കുമാര്‍ (18) എന്നിവര്‍ ഉള്‍പ്പെട്ട സംഘത്തെയാണ് കരുനാഗപ്പള്ളി പോലീസ് പിടികൂടിയത്.
ശനിയാഴ്ച രാത്രി ഓച്ചിറ ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് നടന്ന നാടന്‍പാട്ടിന് പ്രതികള്‍ നൃത്തം ചെയ്തത് ക്ലാപ്പന സ്വദേശിയായ ഹരീഷിന്റെ കൂട്ടുകാരനായ അഖിലിന്റെ ദേഹത്ത് തട്ടിയതിനെ തുടര്‍ന്ന് ഇരുകൂട്ടരും തമ്മില്‍ വാക്ക്തര്‍ക്കമുണ്ടായി. പരസ്പരമുണ്ടായ അടിപിടിയില്‍ ഹരീഷിന്റെ മറ്റൊരു സുഹൃത്തായ വിഷ്ണുവിന് പരിക്കേല്‍ക്കുകയുണ്ടായി. ഹരീഷും സുഹൃത്തുക്കളും ചേര്‍ന്ന് ഇയാളെ കോളഭാഗത്തുള്ള ആശുപത്രിയില്‍ ചികിത്സക്കായി എത്തിച്ചു. ഗുരുതരാവസ്ഥയിലുള്ള ഇയാളെ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനായി ഹരീഷും സുഹൃത്തുക്കളും തയ്യാറായി നിന്ന സമയം അവിടേക്ക് പ്രതികള്‍ ബൈക്കില്‍ എത്തുകയായിരുന്നു. തുടര്‍ന്ന് പ്രതികളുമായുള്ള വാക്ക്തര്‍ക്കത്തില്‍ അനന്തു കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് അഖിലിന്റെ വാരിയെല്ലിന് കുത്തുകയായിരുന്നു.
നിലത്തുവീണ അഖിലിനെ അനന്തു നെഞ്ചിലും കാലുകളിലുമായി തുടരെ കുത്തി പരിക്കേല്‍പ്പിച്ചു. അനന്തുവിനു ഒപ്പമുണ്ടായിരുന്ന മറ്റു പ്രതികള്‍ അഖിലിന്റെ കൂടെയുള്ളവരെ വീട്ടില്‍കയറി വെട്ടികൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുയും ചെയ്തു. സംഘം ചേര്‍ന്നുള്ള ആക്രമണത്തില്‍ അഖില്‍ അതീവ ഗുരുതരാവസ്ഥ തുടരുകയാണ്. പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതികളെ ഉടനടി പിടികൂടുകയായിരുന്നു. കരുനാഗപ്പള്ളി പോലീസ് ഇന്‍സ്‌പെകടര്‍ ബിജുവിന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ ഷിഹാസ്, ഷെമീര്‍, ഷാജിമോന്‍ എസ്‌സിപിഒ ഹാഷിം, രാജീവ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

Advertisement