തീ പടര്‍ന്ന പുരയിടത്തില്‍ വയോധികയെ മരിച്ച നിലയില്‍ കണ്ടെത്തി

Advertisement

കൊട്ടാരക്കര: തീ പടര്‍ന്ന പുരയിടത്തില്‍ വയോധികയെ മരിച്ച നിലയില്‍ കണ്ടെത്തി. എഴുകോണ്‍ ഇരുമ്പനങ്ങാട് പോളിടെക്‌നിക്കിന് പുറകുവശം ജെടിഎസ് കോളനിക്ക് സമീപം സുരേന്ദ്രഭവനില്‍ ഓമനയമ്മ (87) ആണ് പൊള്ളലേറ്റ നിലയില്‍ വീടിന്റെ സമീപത്തെ പുരയിടത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്.
കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചരയോടെ വീടിന്റെ പരിസരത്ത് ഇവര്‍ കരിയിലയ്ക്ക് തീ ഇട്ടതായി പരിസരവാസികള്‍ പറയുന്നു. സമീപത്തെ റബ്ബര്‍ തോട്ടത്തിലേക്ക് തീ പടര്‍ന്നു പിടിച്ചതോടെ ഓമനയമ്മ തീ അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ വീണ് പൊള്ളലേറ്റ് മരണപ്പെട്ടതായാണ് വിവരം. ശരീരത്തില്‍ ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. തീ പടര്‍ന്നു പിടിക്കുന്നത് കണ്ട പരിസരവാസികള്‍ ഓടിയെത്തി തീ അണയ്ക്കുകയായിരുന്നു. എഴുകോണ്‍ പോലീസ്, കൊട്ടാരക്കര ഫയര്‍ ഫോഴ്‌സ് എന്നിവര്‍ സ്ഥലത്തെത്തി. മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. മക്കള്‍: പരേതനായ സുരേന്ദ്രന്‍ പിള്ള, പരേതയായ ലളിത ഭായ്, ശ്യാമള. മരുമകന്‍: മുരളീധരന്‍ പിള്ള.

Advertisement