ചക്കുവള്ളി:ശൂരനാട് വടക്ക് പഞ്ചായത്തിലെ ചക്കുവള്ളിയിൽ കാട്ടുപന്നി ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റതിനെ തുടർന്ന് ജനം ഭീതിയിൽ.ചക്കുവളളി പോലീസ് സ്റ്റേഷന് സമീപമാണ് കഴിഞ്ഞ ദിവസം കാട്ടുപന്നി ആക്രമണം ഉണ്ടായത്.വഴിയാത്രക്കാരായ ശൂരനാട് വടക്ക് പടിഞ്ഞാറ്റം കിഴക്ക് സദനത്തിൽ വീട്ടിൽ ബാബു, ചരുവിള കിഴക്കതിൽ മഞ്ജു സുരേഷ് എന്നിവർക്കാണ് പരിക്കേറ്റത്.ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇരുവരെയും ഇന്ന് (തിങ്കൾ) താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.അപ്രതീക്ഷിത ആക്രമണത്തിൽ
മഞ്ജു സുരേഷിന്റെ ഇരു കൈകളും ഒടിഞ്ഞു തൂങ്ങി.
കൊല്ലം – തേനി ദേശീയ പാതയിൽ
ചക്കുവള്ളി പൊലീസ് സ്റ്റേഷനും പോരുവഴി ഗവ.ഹയർ സെക്കന്ററി സ്കൂളിനും ഇടയിൽ വച്ചാണ് കാട്ടുപന്നി ഇവർക്കു നേരെ ചാടി വീണത്.അതിനിടെ കാട്ടുപന്നി ആക്രമണത്തിൽ പട്ടണപ്രദേശവും ഗ്രാമവും ഒത്തുചേരുന്ന ചക്കുവള്ളി മേഖല ഭീതിയിലാണ്.ടൗണിൽ പോലീസ് സ്റ്റേഷനോട് ചേർന്നുള്ള ക്വാർട്ടേഴ്സ് കാടു മൂടി കിടക്കുന്നതാണ് വന്യജീവികൾ തമ്പടിക്കാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു.ഏതാനും മാസം മുമ്പ് ഇതേ
മേഖലയിൽ പുലിയിറങ്ങിയെന്ന വാർത്ത നാട്ടിൽ ഭീതി പടർത്തിയിരുന്നു.നവമാധ്യമങ്ങൾ വഴി ചിത്രം സഹിതം വാർത്ത വ്യാപകമായി പ്രചരിച്ചതോടെ വനം വകുപ്പ് അധികൃതരും പരിശോധന നടത്തിയിരുന്നു.പിന്നീട് വാഹനമിടിച്ച് ചത്ത നിലയിൽ കണ്ടെത്തിയ കാട്ടുപൂച്ചയാണ് പുലിയെന്ന നിലയിൽ പ്രചരിച്ചതെന്ന് വ്യക്തമായതോടെയാണ് ആശങ്ക ഒഴിവായത്.