മകന്റെ വിവാഹ തലേന്ന് അപകടത്തിൽ പിതാവിന് ദാരുണാന്ത്യം. വാളകം മേഴ്സി ആശുപത്രിക്ക് സമീപം ബ്ലാക്കോണത്ത് മാമ്പുഴ ടിനു ഭവനിൽ ഒ. തങ്കച്ചൻ (62) ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യ സാറമ്മയ്ക്ക് ഗുരുതരമായി പരിക്കേല്കുകയും ചെയ്തു. ഞായർ വൈകിട്ട് 4ന് എം.സി റോഡിൽ വാളകം ഗവ. എൽ പി സ്‌കൂളിന് സമീപമായിരുന്നു അപകടം.
മകന്റെ വിവാഹ തലേന്ന് തങ്കച്ചനും ഭാര്യയും വാളകത്ത് നിന്നും വരുന്ന വഴിയാണ് അപകടം.
മകൻ ടിനു തങ്കച്ചന്റെ വിവാഹം വാളകം സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ചിൽ നടക്കാനിരിക്കെയായിരുന്നു അപകടം ഉണ്ടായത്. വാളകം ജംഗ്ഷനിൽ നിന്നും സ്കൂട്ടറിൽ ഭാര്യ സാറാമ്മ തങ്കച്ചനോടൊപ്പം വീട്ടിലേക്ക് വരികെ അതേ ദിശയിൽ വന്ന കാറിനെ മറികടക്കുന്നതിനിടയിൽ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ കൊട്ടാരക്കര സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും തങ്കച്ചൻ രാത്രി 11 ഓടെ മരണപ്പെടുകയായിരുന്നു. ഇരുകാലിനും ഒടിവേറ്റ സാറാമ്മ തങ്കച്ചനെ തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മുംബൈയിൽ താമസിച്ചുവരുന്ന കുടുംബം മകന്റെ വിവാഹത്തിനാണ് നാട്ടിൽ എത്തിയത്. മകൾ : ടിറ്റു തങ്കച്ചൻ. കൊട്ടാരക്കര പാെലീസ് കേസെടുത്തു.