ചക്കുവളളിയിലെ ജനവാസ മേഖലയിൽ വഴി യാത്രക്കാരെ കാട്ടുപന്നി ആക്രമിച്ചിട്ടും വനം വകുപ്പിന് നിസംഗത

Advertisement

ശാസ്താംകോട്ട : കൊല്ലം – തേനി ദേശീയപാതയിൽ ചക്കുവള്ളി ടൗണിനോട് ചേർന്ന് ജനവാസ മേഖലയിൽ രണ്ട് പേരെ കാട്ടുപന്നി ആക്രമിച്ച് പരിക്കേൽപ്പിച്ചിട്ടും വനം വകുപ്പിന് നിസ്സംഗതയെന്ന് ആക്ഷേപം.സംഭവം നടന്ന് മൂന്ന് ദിവസം പിന്നിട്ടിട്ടും പരിശോധന നടത്താൻ പോലും അധികൃതർ തയ്യാറായിട്ടില്ല.ശൂരനാട് വടക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.ശ്രീകുമാറാണ് വിവരം ഫോറസ്റ്റ് അധികൃതരെ അറിയിച്ചത്.പന്നിയുടെ സാന്നിദ്ധ്യം പ്രദേശത്ത് ഉള്ളതിനാൽ സന്ധ്യ കഴിഞ്ഞാൽ വീട്ടുപരിസരത്തേക്ക് പോലും ഇറങ്ങാൻ ജനങ്ങൾ ഭയപ്പെടുകയാണ്.ജനങ്ങളുടെ ആശങ്ക അകറ്റാൻ പോലും അധികൃതർ തയ്യാറാകുന്നില്ലത്രേ.ശൂരനാട് വടക്ക് പടിഞ്ഞാറ്റം കിഴക്ക് സദനത്തിൽ വീട്ടിൽ ബാബു (68),ചരുവിള കിഴക്കതിൽ മഞ്ജു സുരേഷ് (40) എന്നിവർക്കാണ് കഴിഞ്ഞ ദിവസം പന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റത്.ശൂരനാട് പൊലീസ് സ്റ്റേഷനിലെ തകർന്നടിഞ്ഞു കിടക്കുന്ന ക്വാർട്ടേഴ്സുകളോട് ചേർന്നുള്ള കാട്
വെട്ടിത്തെളിക്കാൻ പൊലീസും തയ്യാറാകുന്നില്ലെന്ന് പരാതിയുണ്ട്.വർഷങ്ങൾക്ക് മുമ്പ് പൊലീസ് പിടിച്ചെടുത്ത വാഹനങ്ങൾ സൂക്ഷിക്കുന്നതും ഇവിടെയാണ്.ക്വാർട്ടേഴ്സ് പരിസരത്തെ കാടുമൂടിയ ഭാഗത്താണ് കാട്ടുമൃഗങ്ങളുടെ സാന്നിധ്യം ഏറെയുമെന്ന് നാട്ടുകാർ പറയുന്നു.യുവതി അടക്കം വഴിയാത്രക്കാരെ ആക്രമിച്ച പന്നിയും ഓടിയൊളിച്ചത് ഇവിടേക്കാണെന്നാണ് ആക്രമണത്തിന് ഇരയായവർ പറയുന്നത്.ഇവിടെ നിന്നും ഇഴ ജന്തുക്കളടക്കം ശൂരനാട് സ്റ്റേഷനിൽ കയറുന്നതും പതിവാണ്.അതിനിടെ സ്റ്റേഷനോട് ചേർന്നുള്ള ക്വാർട്ടേഴ്സ് പരിസരത്തെ കാട് വെട്ടിത്തെളിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വാർഡ് മെമ്പർ
സുനിതാ ലെത്തീഫ്,ഐഎൻടിയുസി മണ്ഡലം പ്രസിഡന്റ് ലെത്തീഫ് പെരുങ്കുളം എന്നിവർ ശൂരനാട് എസ്.ഐ ദീപു പിള്ളയ്ക്ക് പരാതി നൽകി.ഡിവൈഎസ്പിയുമായി ചർച്ച നടത്തിയ ശേഷം നടപടി സ്വീകരിക്കാമെന്ന് അദ്ദേഹം ഉറപ്പ് നൽകിയിട്ടുണ്ട്.

Advertisement