പുനലൂർ .ഒൻപത് വയസ്സുകാരനെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ എയ്ഡ്സ് രോഗബാധിതനെ ശിക്ഷിച്ചു. എയ്ഡ്‌സ് പകർത്തണമെന്ന ഉദ്ദേശ്യത്തോടെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന കേസിലാണ് പ്രതിക്ക് മൂന്ന് ജീവപര്യന്തവും 22 വർഷം കഠിന തടവും 1.05 ലക്ഷം രൂപ പിഴയും. പത്തുവർഷമായി എയ്ഡ്സ് രോഗത്തിന് ചികിത്സയിൽ ആയിരുന്ന പുനലൂർ ഇടമൺ സ്വദേശിയായ 41-കാരനെയാണ് ശിക്ഷിച്ചത്.
പുനലൂർ ഇടമൺ സ്വദേശിയായ പ്രതി 2013 മുതൽ എയ്ഡ്സ് ബാധിതനാണ്. ഇയാൾക്ക് അഞ്ചാം ക്ലാസുകാരൻ്റെ മാതാപിതാക്കളുമായി മുൻ പരിചയമുണ്ടായിരുന്നു. ഈ ബന്ധത്തിലൂടെ കുട്ടിയുമായി അടുത്തു.തുടർന്ന് 2020 ഓഗസ്റ്റിൽ മൊബൈലിൽ പ്രകൃതി വിരുദ്ധ ലൈംഗിക രംഗം കുട്ടിയെ കാണിച്ച് കുട്ടി നിരവധി തവണ പീഡിപ്പിച്ചെന്നാണ് കേസ്.
പുനലൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി ടി.ഡി. ബൈജുവിന്റേതാണ് വിധി. കുട്ടിക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയോട് ശുപാർശയും ചെയ്തു. 2020-ലാണ് കേസിനാസ്‌പദമായ സംഭവം. തെന്മല പോലീസ് ഇൻസ്പെക്ടറായിരുന്ന എം.ജി. വിനോദാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.പി. അജിത് ഹാജരായി.