ശാസ്താംകോട്ട. താലൂക്ക് ആസ്ഥാനത്ത് കെ എസ്ആർടിസി പ്രവർത്തനം ആരംഭിക്കണമെന്നാവശ്യപ്പെട്ട് നിവേദനം. 2006 ഫെബ്രുവരി 10നാണ് ശാസ്താംകോട്ടയിൽ കെഎസ്ആർടിസി ഓപ്പറേറ്റിങ് സെന്റർ ആയി ഉദ്ഘാടനം നടന്നത്. ജില്ലയിലെ പ്രധാന ആഴ്ച ചന്തയായ ശാസ്താംകോട്ട ചന്ത പ്രവർത്തിച്ചിരുന്ന 75 സെന്റ് സ്ഥലമാണ് കെഎസ്ആർടിസി ബസ് സ്റ്റേഷൻ ആരംഭിക്കുന്നതിന് വേണ്ടി വിട്ടു നൽകിയത്. ബസ് സ്റ്റേഷന്റെ ആവശ്യത്തിനായി 5 ലക്ഷം രൂപ മുടക്കി വ്യാപാരി വ്യവസായി ഏകോപനസമിതി കെട്ടിടവും നിർമ്മിച്ചു നൽകി. ഉദ്ഘാടന സമ്മേളനത്തിൽ അന്നത്തെ ഗതാഗത വകുപ്പ് മന്ത്രി എൻ. ശക്തൻ ഈ ഓപ്പറേറ്റിങ് സെന്റർ ബെസ് ഡിപ്പോ ആയി ഉദ്ഘാടനം ചെയ്യുന്നതായി പ്രഖ്യാപിച്ചു. ബസ് ഡിപ്പോയ്ക്ക് ഒരേക്കർ സ്ഥലവും അനുബന്ധ കെട്ടിടങ്ങളും ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത് ഒരുക്കണമെന്നും നിർദ്ദേശിച്ചു. താലൂക്കിലെ മറ്റ് 5 പഞ്ചായത്തുകളും കൂടി തുക വകയിരുത്തി ഗ്യാരേജിനായി ഒരേക്കർ സ്ഥലവും കെട്ടിടവും ഒരുക്കി. ഉദ്ഘാടനം കഴിഞ്ഞിട്ടും സ്റ്റാൻഡിൽ ബസ്സുകൾ കയറാത്തത് വിവാദമാവുകയും, റിലേ സത്യാഗ്രഹം ഉൾപ്പെടെയുള്ള സമരങ്ങൾ ശാസ്താംകോട്ടയിൽ നടക്കുകയും ചെയ്തു. സമരങ്ങൾക്കൊടുവിൽ നാട്ടുകാർ ബസ് തടഞ്ഞ് സ്റ്റാൻഡിലേക്ക് കയറ്റുന്ന അവസ്ഥയിൽ കാര്യങ്ങൾ എത്തി. തുടർന്ന് ഏതാനും ബസ്സുകൾ സ്റ്റാൻഡിൽ കയറി ഇറങ്ങി പോകുകയും പിന്നീട് അത് നിലയ്ക്കുകയും ചെയ്തു.കെഎസ്ആർടിസി ബസ് ഡിപ്പോ ആരംഭിക്കുന്നതിനായി ഒരേക്കർ 75 സെന്റ് സ്ഥലവും കെട്ടിടങ്ങളും ഇപ്പോഴും നിലവിലുണ്ട്.
ശാസ്താംകോട്ട പഞ്ചായത്തിൽ കൂടിയാണ് കൊല്ലം – തേനി, ഭരണിക്കാവ്- വണ്ടിപ്പെരിയാർ ദേശീയപാതകൾ കടന്നുപോകുന്നത്. കണ്ണങ്കാട്ട് പാലം യാഥാർത്ഥ്യമാകുന്നതോടെ ദേശീയപാതകൾ കൊല്ലം വരെ നീളും. കൊല്ലത്തു നിന്നും കായംകുളം, ആലപ്പുഴ ജില്ലകളിലേക്ക് പോകുന്നതിന് ശാസ്താംകോട്ട ഭരണിക്കാവ് ചക്കുവള്ളി വഴി പോകുന്നത് കിലോമീറ്ററുകളുട ലാഭം യാത്രക്കാർക്ക് ഉണ്ടാകും. ഇത് കെഎസ്ആർടിസിക്കും പ്രയോജനം ചെയ്യും. കോവൂർ കുഞ്ഞുമോൻ എംഎൽഎ യുടെ ഫണ്ടിൽ നിന്നും ഒരു കോടി രൂപ ചിലവഴിച്ചാണ് ബസ് ബെ യും, തറയും നിർമ്മിച്ചത്. ശാസ്താംകോട്ടയിൽ നിന്നും ദീർഘദൂര ബസ്സുകൾ ആരംഭിക്കുന്നതിനും സാധിക്കും. രാത്രി 7 മണി കഴിഞ്ഞാൽ കരുനാഗപ്പള്ളിയിൽ നിന്നും ഉണ്ടായിരുന്ന തിരുവാറ്റക്ഷേത്രം,പാർത്ഥസാരഥി ക്ഷേത്രം, കുന്നത്തൂർ എന്നീ സ്റ്റെ ബസുകൾ ഇല്ലാത്തത് ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടാണ്. ഇലക്ട്രിക് ബസ്സുകളുടെ ഹബ്ബായും കെഎസ്ആർടിസിക്ക് ഈ സ്ഥലം പ്രയോജനപ്പെടുത്തുവാൻ കഴിയും. നിരവധി സർക്കാർ സ്ഥാപനങ്ങളും, പ്രമുഖ ദേവാലയങ്ങളും ഒക്കെ സ്ഥിതി ചെയ്യുന്ന സ്ഥലം എന്ന നിലയിൽ കുന്നത്തൂരിന്റെ ആസ്ഥാനമായ ശാസ്താംകോട്ടയിൽ കെഎസ്ആർടിസി ഓപ്പറേറ്റിങ് സെന്റർ എങ്കിലും പ്രവർത്തനം ആരംഭിക്കണമെന്ന് ശാസ്താംകോട്ട ടൗൺ വികസന സമിതി കൺവീനറും, മുൻ ഗ്രാമപഞ്ചായത്ത് അംഗവുമായ എസ് ദിലീപ് കുമാർ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറിന് നിവേദനം നൽകി.