പുതിയ ആശുപത്രിയിൽ അതിക്രമം: പരിക്കുപറ്റിയ രോഗിയെ ആക്രമിച്ചു

Advertisement


കരുനാഗപ്പള്ളി. നഗരസഭയിൽ കേശവപുരത്ത് പ്രവർത്തനം തുടങ്ങിയ പുതിയ ഹെൽത്ത് സെൻ്ററിൽ വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷമാണ് അക്രമം. കേശവപുരം സ്വദേശി ശ്രീക്കുട്ടൻ എന്നയാളെ വീട്ടിലെത്തി ആക്രമിച്ചുവെന്നും ആക്രമണം തടയാൻ എത്തിയ ശ്രീക്കുട്ടന്റെ പിതാവിനെ മുറിയ്ക്കുള്ളിൽ ഇട്ട് പൂട്ടിയെന്നും പരാതിയുണ്ട്. ആക്രമണത്തിൽ പരിക്കേറ്റ ശ്രീക്കുട്ടനെ സമീപത്തെ ഹെൽത്ത് സെൻ്ററിൽ ചികിത്സക്കായി എത്തിച്ചതോടെ വീണ്ടും ആക്രമിച്ചു. പ്രദേശവാസി വിഷ്ണുവും ഇയാളുടെ ബന്ധുവും സിപിഎം സംസ്ഥാന വനിതാ നേതാവിന്റെ ഡ്രൈവറുമായ സുരേഷും ചേർന്ന് ആശുപത്രിയിലെത്തി പരുക്കുപറ്റി ചികിത്സ തേടിക്കൊണ്ടിരുന്ന ശ്രീക്കുട്ടനെ ആക്രമിച്ചതായാണ് പരാതി. ആശുപത്രിക്കുള്ളിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതികൾ ആശുപത്രി ഉപകരണങ്ങൾക്കും കേടുപാടുകൾ സൃഷ്ടിച്ചു. ആക്രമണ വിവരം ഡോക്ടർ പോലീസിൽ അറിയിച്ചതോടെ പോലീസ് സ്ഥലത്തെത്തി ഇവരെ കസ്റ്റഡിയിൽ എടുത്തു.

ആക്രമണത്തിൽ ശ്രീക്കുട്ടന് സാരമായി പരുക്കേറ്റിട്ടുണ്ട് പിന്നീട് കരുനാഗപ്പള്ളിയിൽ നിന്നും അഗ്നിരക്ഷാസേന എത്തിയാണ് മുറിക്കുള്ളിൽ പൂട്ടിയിട്ടിരുന്ന ശ്രീക്കുട്ടന്റെ പിതാവിനെ കതക് വെട്ടിപ്പൊളിച്ച് പുറത്തെത്തിച്ചത്.ഡോക്ടറുടെ പരാതിയിൽ നടപടികൾ പോലീസ് ആരംഭിച്ചെങ്കിലും രാഷ്ട്രീയ ഇടപെടലിനെ തുടർന്ന് കേസ് ഒതുക്കി തീർക്കാനുള്ള ശ്രമം നടക്കുന്നതായി ആക്ഷേപമുണ്ട്. അക്രമത്തിനിരയായ ആളെയും പൊലീസ് പിടികൂടി സ്റ്റേഷനില്‍ എത്തിച്ചതായി പരാതിയുണ്ട്.

Advertisement