വടക്കൻ മൈനാഗപ്പള്ളിയിൽ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചു ദമ്പതികൾക്ക് ഗുരുതര പരിക്കേറ്റ സംഭവം, അപകട സാധ്യതയുള്ള സിലിണ്ടർ ജീവനക്കാർ അടിച്ചേൽപ്പിച്ചതായി പരാതി

Advertisement

ശാസ്താംകോട്ട:വടക്കൻ മൈനാഗപ്പള്ളി പാട്ടുപുരയ്ക്കൽ ക്ഷേത്രത്തിനു സമീപം പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ച് ദമ്പതികൾക്ക് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ പാചക വാതക വിതരണത്തിലെ അപാകതയെന്ന് പരാതി.പുലര്‍ച്ചെ നടന്ന സംഭവത്തില്‍ വീട്ടമ്മ ഗുരുതര നിലയിലാണ്

വീടിനകവും ഫർണീച്ചറുകളും കത്തിനശിച്ചു.വടക്കൻ മൈനാഗപ്പള്ളി ശിവലാൽ ഭവനം (പണിക്കശേരിൽ തറയിൽ) മത്സ്യ തൊഴിലാളിയായ ശിവൻ കുട്ടിക്കും ഭാര്യ വസന്തയ്ക്കുമാണ് പരിക്കേറ്റത്.സാരമായി പൊള്ളലേറ്റ ഇരുവരെയും കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റി.വസന്ത വെന്റിലേറ്ററിൽ തുടരുകയാണ്.ഇന്ന് (വെളളി) പുലർച്ചെ 4 ഓടെ ആണ് സംഭവം.വീട്ടുകാരുടെ നിലവിളി കേട്ട് ഓടിയെത്തിയ പരിസരവാസികൾ വാതിൽ ചവിട്ടി പൊളിച്ചാണ് അകത്ത് കയറിയത്.

പഞ്ചായത്ത് പ്രസിഡന്റ് പി.എം സെയ്ദും പഞ്ചായത്തംഗം മനാഫ് മൈനാഗപ്പള്ളിയും സ്ഥലത്തെത്തി വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസും അഗ്നി രക്ഷാ സേനയും എത്തിയാണ് ദമ്പതികളെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയത്.വ്യാഴം വൈകിട്ട് ഗ്യാസ് ഏജൻസിയിൽ നിന്നുമെത്തിച്ച സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്.മുറിയിൽ സൂക്ഷിച്ചിരുന്ന സിലിണ്ടർ ദമ്പതികൾ പുലർച്ചെ എഴുന്നേറ്റ് ലൈറ്റ് ഇട്ടപ്പോഴാണ് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്.അപകടത്തിന് സാധ്യതയുള്ള പഴകിയ സിലിണ്ടർ നൽകിയപ്പോൾ തന്നെ തങ്ങൾക്ക് വേണ്ടെന്ന് ഇവർ ജീവനക്കാരെ അറിയിച്ചിരുന്നു.എന്നാൽ ഇത് വക വയ്ക്കാതെ ഏജൻസി ജീവനക്കാർ പൊട്ടിത്തെറിക്ക് സാധ്യതയുള്ള സിലിണ്ടർ അടിച്ചേൽപ്പിക്കുകയായിരുന്നുവെന്ന് പരാതിയുണ്ട്.

Advertisement