അയല്‍വാസിയെ ആക്രമിച്ചയാള്‍ അറസ്റ്റില്‍

Advertisement

കൊല്ലം: അയല്‍വാസിയെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ പോലീസിന്റെ പിടിയിലായി. തൃക്കടവൂര്‍, കാരിയ്ക്കല്‍ വയല്‍, പ്രകാശ് (49) ആണ് അഞ്ചാലുംമൂട് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ മാസം പനമൂട് സ്വദേശിയായ സുജയുടെ വീട്ടുപറമ്പിലേക്ക് അയല്‍വാസിയായ പ്രതിയുടെ വീട്ടുപറമ്പില്‍ നിന്നും വെള്ളം ഒഴുക്കി വിടുന്നത് സംബന്ധിച്ച് സുജയും ഭര്‍ത്താവും പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതറിഞ്ഞ പ്രകാശ് ഇവരുടെ വീട്ടുമുറ്റത്തേക്ക് കത്താളുമായി അതിക്രമിച്ച് കയറുകയും സുജയുടെ ഭര്‍ത്താവിന്റെ തലയില്‍ ആഞ്ഞ് വെട്ടുകയുമായിരുന്നു.
സാരമായി പരിക്കേറ്റ സുജയുടെ ഭര്‍ത്താവിന്റെ ഇടതു കൈയുടെ സ്വാധീനം നഷ്ടപ്പെട്ടു. തുടര്‍ന്ന് പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.