ലോറിയിടിച്ച് ബൈക്ക് യാത്രികനായ പ്രവാസി മരിച്ചു

Advertisement

കൊല്ലം: ലോറിയിടിച്ച് ബൈക്ക് യാത്രികനായ പ്രവാസി മരിച്ചു. ഒപ്പമുണ്ടായിരുന്ന ബന്ധുവായ വിദ്യാര്‍ഥിനിക്ക് പരിക്കേറ്റു. ചിറയിന്‍കീഴ് കൂന്തല്ലൂര്‍ മൂലയില്‍ ജി.ആര്‍.ഭവനില്‍ മണിയന്റെയും സരസ്വതിയുടെയും മകന്‍ രാജേഷ് കുമാര്‍ (44) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഒമ്പത് മണിക്ക് കൊല്ലം എസ്.എന്‍. കോളേജിന് സമീപം മേല്‍പ്പാലത്തിലായിരുന്നു അപകടം. തില്ലേരി മിഷന്‍ കോമ്പൗണ്ടിലുള്ള ഭാര്യ വീട്ടില്‍ വന്നതായിരുന്നു രാജേഷ്.
കൊല്ലം എന്‍.എസ്. സഹകരണ ആശുപത്രിയിലെ നഴ്‌സ് അനു ബാബുവാണ് ഭാര്യ. രാവിലെ ഭാര്യയെ ആശുപത്രിയില്‍ വിട്ടുവന്ന ശേഷം ഭാര്യാ സഹോദരിയുടെ മകള്‍ ദുര്‍ഗയേയും കൊണ്ട് സ്‌കൂളിലേക്ക് പോകുംവഴിയായിരുന്നു അപകടമെന്ന് ബന്ധുക്കള്‍ പറഞ്ഞു. കൊല്ലം ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം ചിറയിന്‍കീഴില്‍ സംസ്‌കരിച്ചു. മകള്‍: അനുരാജ്.